പഞ്ചായത്ത് വകുപ്പിലെ സ്ഥലം മാറ്റം; സിപിഐ-സിപിഎം പോര് മുറുകുന്നു

Tuesday 16 August 2016 2:15 pm IST

സ്വന്തം ലേഖകന്‍ കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടത്തുന്ന സ്ഥലം മാറ്റങ്ങളെ ചൊല്ലി സിപിഎം-സിപിഐ പോര്. സിപിഐ സര്‍വീസ് സംഘടനയിലെ നേതാക്കളെയടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നതാണ് സിപിഎമ്മും സിപിഐ തമ്മിലുള്ള പോരിലേക്ക് എത്താന്‍ കാരണമായിരിക്കുന്നത്. കൊല്ലം ജില്ലയിലെ പല ഭാഗത്തും രാഷ്ട്രീയ പരമായി സിപിഎമ്മും സിപിഐയും തമ്മിലുള്ള അകല്‍ച്ച നിലനില്‍ക്കേയാണ് സിപിഎം തൊഴിലാളി യൂണിയന്റെ നിര്‍ദ്ദേശാനുസരണം സിപിഐക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് സ്ഥലം മാറ്റത്തില്‍ സിപിഐക്കാരെ ബോധപൂര്‍വം ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്നാരോപണവുമായി കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ രംഗത്ത് എത്തിയിരുന്നു. ഭരണാനുകൂല സംഘടനയില്‍പ്പെട്ട തങ്ങളെ മാറ്റിയതിന് പിന്നില്‍ സിപിഎം അനുകുല സര്‍വീസ് സംഘടനയിലുള്ളവരാണെന്ന് ഇവര്‍ പരസ്യമായി ആരോപിക്കുന്നു. വെള്ളിയാഴ്ചയാണ് പഞ്ചായത്ത് വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് , അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടറ്റ് തുടങ്ങിയ തസ്തികളില്‍ സ്ഥലം മാറ്റം നടന്നത്. ഉത്തരവ് പ്രകാരം 200 ജൂനിയര്‍ സൂപ്രണ്ടുമാര്‍ക്കും ഏഴ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും, 100 ഹെഡ്ക്ലാര്‍ക്കുമാരെയും 75 അക്കൗണ്ടന്റുമാരെയുമാണ് സ്ഥലം മാറ്റിയത്. ഇതില്‍ ഭൂരി ഭാഗവും ഭരണാനുകൂല സംഘടനകളില്‍പ്പെട്ടവരാണെന്നാണ് സിപിഐ സര്‍വീസ് യൂണിയന്‍ നേതാക്കളുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.