സ്വവര്‍ഗരതി കുറ്റമല്ലെന്ന്‌ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Sunday 4 March 2012 10:39 pm IST

ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2009 ജൂലൈ മാസംതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിയമ കുടുംബക്ഷേമ മന്ത്രാലയവും ഇതേ നിലപാട്‌ എടുത്തിരുന്നതായി പറയുന്നു. ഫെബ്രുവരി 28 കേസ്‌ പരിഗണിക്കപ്പെട്ടപ്പോള്‍ പരസ്പരവിരുദ്ധമായ നിലപാട്‌ സ്വീകരിച്ചതിന്‌ സുപ്രീംകോടതി കേന്ദ്രത്തെ ശക്തമായി താക്കീത്‌ ചെയ്തിരുന്നു. 2009 ല്‍ ദല്‍ഹി ഹെക്കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന്‌ വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിയെ ആദ്യം ആഭ്യന്തര മന്ത്രാലയം കോടതിയില്‍ എതിര്‍ത്തിരുന്നു. പിന്നീട്‌ ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി ഹാജരായ മോഹന്‍ ജയിന്‍ തീരുമാനം മാറ്റിപ്പറഞ്ഞു. കോടതിയെ പരിഹസിക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേതെന്ന്‌ ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എസ്‌.ജെ. മുഖോപാധ്യായ എന്നിവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2009 ജൂലൈ 28 ന്‌ വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലെടുത്ത തീരുമാനം സുപ്രീംകോടതിയില്‍ അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗിനെ ചുമതലപ്പെടുത്തിയിരുന്നു. ഐപിസി 377 വകുപ്പ്‌ പൂര്‍ണമായും ഒഴിവാക്കരുത്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നീ വകുപ്പുകളുമായി ചേര്‍ന്ന്‌ പോകുന്നതാണ്‌ ഐപിസി 377. ഹൈക്കോടതി വിധി നിയമപരമായി ശരിയോ തെറ്റോ എന്ന്‌ സുപ്രീംകോടതി പരിശോധിക്കണമെന്ന്‌ കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ദല്‍ഹി ഹൈക്കോടതിയുടെ വിധി ശരിയാണോ എന്ന്‌ പരിശോധിക്കാന്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറലിനോട്‌ ആവശ്യപ്പെടാനും വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കാബിനറ്റിന്റെ തീരുമാനം 2009 സപ്തംബര്‍ 29 ന്‌ അറ്റോര്‍ണി ജനറലിനെ അറിയിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏതെങ്കിലും തരത്തിലുള്ള അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല.സര്‍ക്കാരിന്റെ നിലപാട്‌ മാറ്റം സംബന്ധിച്ച്‌ മൂന്ന്‌ ദിവസത്തിനകം കേന്ദ്ര തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.