സ്വാശ്രയം: ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരും

Wednesday 6 July 2011 3:38 pm IST

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് നിയന്ത്രണം നീക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തോന്നിയതു പോലെ ഫീസ്‌ ഈടാക്കുന്നത്‌ ന്യായമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളും ഭൂരിപക്ഷ സ്ഥാപനങ്ങളും തമ്മില്‍ ഫീസിന്റെ കാര്യത്തില്‍ വേര്‍തിരിവ്‌ ഉണ്ടാകരുതെന്നാണ്‌ സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്കൂളുകളില്‍ ഫീസ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇത് എല്ലാ സ്കൂളുകള്‍ക്കും ബാധകമാക്കുകയാണു ചെയ്തത്. ഫീസ് നിരക്കില്‍ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനാണിതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാനത്ത് എല്ലാ കുട്ടികള്‍ക്കും സൗജന്യ സ്കൂള്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതു നിരസിച്ചാണ് സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ശക്‌തമായ സ്ഥിരം സുരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇതുസംബന്‌ധിച്ച ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തു. ഇക്കാര്യത്തില്‍ രണ്ടുമൂന്നുദിവസത്തിനകം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇതിന്‌ എത്ര ചെലവു വന്നാലും അത്‌ സര്‍ക്കാര്‍ വഹിക്കും. പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ താല്‍ക്കാലിക സുരക്ഷ മാത്രമാണ്‌ ഭക്തര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്ത വിധം ക്ഷേത്രത്തില്‍ സ്ഥിരം സുരക്ഷാ സംവിധാനം ഒരുക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച്‌ വരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.വി.ശ്രേയാംസ്‌ കുമാറിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച പ്രശ്നത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം മദ്യദുരന്തം, ചെറിയതുറ വെടിവയ്‌പ്‌ എന്നിവയെക്കുറിച്ച്‌ അന്വേഷിക്കുന്ന കമ്മിഷനുകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. എന്നാല്‍, ഇതുകഴിഞ്ഞാല്‍ ഇനി കാലാവധി നീട്ടിനല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന്‌ സംസ്ഥാനത്തിന്‌ കിട്ടേണ്ട ഫണ്ടുകള്‍ വാങ്ങി എടുക്കുന്നതിന്‌ ഓഗസ്റ്റ്‌ 22 മുതല്‍ 26വരെ ദല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വകുപ്പ്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും അതത്‌ ദിവസങ്ങളില്‍ ദല്‍ഹിയില്‍ എത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വയനാട്ടില്‍ കോളറ ബാധിച്ച കോളനികളില്‍ കക്കൂസ്‌ ഇല്ലാത്ത വീടുകളില്‍ അത്‌ നിര്‍മ്മിക്കും. 50 ആദിവാസി കോളനികളില്‍ മോഡല്‍ ടോയ്‌ലെറ്റ്‌ ബ്‌ളോക്കുകള്‍ പണിയും. സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമ സെക്രട്ടറിയായി സി.പി.രാമരാജ പ്രേമപ്രസാദിനെ നിയമിച്ചു. കെ.എസ്‌.ആര്‍.ടി.സി എം.ഡിയായി അലക്‌സാണ്ടര്‍ ലൂക്കിനെ നിയമിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.