സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരന്റെ പ്രതിമ തന്നെ വേണം: കുമ്മനം

Tuesday 16 August 2016 6:31 pm IST

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരന്റെ പ്രതിമയല്ലാതെ വേറെ ഏത് പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രതിമ സ്ഥാപിക്കുന്നതിന് എതിര്‍ക്കുന്നവര്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറാവണം. പ്രതിമ സ്ഥാപിക്കുന്നത് വിവാദമാക്കി മതവല്‍ക്കരിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും സ്വാര്‍ത്ഥതാല്‍പര്യത്തിനും മുതലെടുപ്പിനുമായി ചില ആളുകള്‍ ശ്രമിക്കുകയാണ്. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഇല്ല. സിന്‍ഡിക്കേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ നിയമവിധേയമായിട്ടാണ് പ്രതിമ സ്ഥാപിക്കുന്നതിനായി ഒരുക്കങ്ങള്‍ നടക്കുന്നത്. പ്രതിമ സ്ഥാപിക്കല്‍ വൈകാരികമായ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ പിന്നോട്ടുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ജനപിന്തുണ ഇൗ വിഷയത്തിലുണ്ട്. പുരോഗമന ജനാധിപത്യം പറയുന്ന ചില അധ്യാപകരാണ് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുള്ളത്. ഇത് രാഷ്ട്രീയവിഷയമല്ല. ശ്രീശങ്കരന്‍ മതപ്രവാചകനല്ല. പ്രതിമ വച്ചാല്‍ വിഭാഗീയതയും മതവിദേ്വഷവും വര്‍ഗീയതയും പ്രചരിക്കപ്പെടില്ല. ദാര്‍ശനികതലത്തില്‍ കാലാനുസൃതമായ വ്യാഖ്യാനങ്ങള്‍ നല്‍കിയ മഹാത്മാവാണ് തത്വദാര്‍ശനികനായ ശങ്കരാചാര്യസ്വാമികള്‍. ശ്രീശങ്കരന്റെ ജന്മദിനം സര്‍ക്കാര്‍ തത്വജ്ഞാനദിനമായിട്ടാണ് ആചരിക്കുന്നത്്. കര്‍ണാടക സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇത് നടപ്പിലാക്കുവാനുള്ള ആലോചനയുണ്ട്. എല്ലാ പിന്തുണയും പ്രതിമ വയ്ക്കുന്നതിനായി അധികൃതര്‍ക്ക് നല്‍കും. ഇതിനുവേണ്ടി ഏതറ്റംവരെയും പോകും. ഒരു വിഭാഗത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് സമരരംഗത്തേക്ക് ഇറക്കിയത്. എതിര്‍ക്കുന്നവര്‍ ശങ്കരദര്‍ശനങ്ങള്‍ പഠിക്കാത്തവരാണ്. ഉച്ചക്കുശേഷം 2.30 ഓടെ സര്‍വ്വകലാശാലയുടെ പുതിയ കവാടത്തില്‍ എത്തിയ കുമ്മനം രാജശേഖരന്‍ പ്രതിമ വയ്ക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. സര്‍വ്വകലാശാലയിലെത്തി വിസിയെയും രജിസ്ട്രാറെയും കണ്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജില്ലാ സെക്രട്ടറിമാരായ കെ.പി. രാജന്‍, എം.എ. ബ്രഹ്മരാജ്, എം.എന്‍. ഗോപി, അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസത്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.