ഫിഫാ മുന്‍ പ്രസിഡന്റ് ജോ ഹാവേലാഞ്ച് അന്തരിച്ചു

Wednesday 17 August 2016 1:16 pm IST

റിയോ ഡി ജനിറോ: ഫിഫയുടെ മുന്‍ പ്രസിഡന്റും ഒളിമ്പിക്‌സ് കമ്മിറ്റി അംഗവുമായിരുന്ന ജോ ഹാവേലാഞ്ച് (100) അന്തരിച്ചു. ബ്രസീലിലെ റിയോ ഡി ജനിറോ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 1974 മുതല്‍ 1998 വരെയുള്ള 24 വര്‍ഷം ഫിഫയുടെ പ്രസിഡന്റ് പദ്ധവി  ഹാവേലാഞ്ച അലങ്കരിച്ചിരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും ഫുട്‌ബോള്‍ പ്രചരിപ്പിക്കുന്നതിനു അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ആറു ലോകകപ്പുകളുടെ കാലത്ത് ഫിഫയുടെ തലപ്പത്തുണ്ടായിരുന്ന ഹാവലാഞ്ച് ആണ് ലോക ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16ല്‍നിന്ന് 32 ആക്കി ഉയര്‍ത്തിയത്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വന്‍തുകക്ക് നല്‍കി ഫിഫക്ക് മികച്ച വരുമാനമുണ്ടാക്കിയ അദ്ദേഹം കൂടുതല്‍ രാജ്യങ്ങളെ ഫിഫയിലേക്ക് കൊണ്ടുവരുകയും വനിതാ ലോകകപ്പ് ആദ്യമായി സംഘടിപ്പിക്കുകയും ചെയ്തു. ബെല്‍ജിയം വംശജയുടെയും ബ്രസീലുകാരന്റെയും മകനായി 1916 ല്‍ ജനിച്ച ഹാവലാഞ്ച് രണ്ട് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1936 ബെര്‍ലിനില്‍ നീന്തലിലും 1952 ഹെല്‍സിങ്കിയില്‍ വാട്ടര്‍പോളോയിലും ബ്രസീലിനായി ഇറങ്ങി. ഫിഫക്കൊപ്പം അന്താരാഷ്ട്ര ഒളിമ്പിക് സമിതിയിലും (ഐഒസി) അംഗമായിരുന്ന ഹാവലാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു 2009ല്‍ കോപന്‍ഹേഗനില്‍ നടന്ന ഒളിമ്പിക് ബിഡില്‍ റിയോ തങ്ങളുടെ അവകാശവാദം അവതരിപ്പിച്ചത്. 'എന്റെ കൂടെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ റിയോയിലേക്ക് വരൂ' എന്നായിരുന്നു അന്ന് ഹാവലാഞ്ച് വോട്ടിങ്ങിന് മുമ്പായി അംഗങ്ങളോട് പറഞ്ഞത്. അതേ ഒളിമ്പിക്‌സിനിടെ തന്നെ ഹാവലാഞ്ച് വിടപറയുകയും  ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.