കാസര്‍കോട്: സിപിഎം ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന കുറ്റിക്കോലില്‍ സിപിഐ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഎം വിട്ട് വന്ന മുന്‍ ഏരിയാ സെക്രട്ടറി പി.ഗോപാലന് ഉള്‍പ്പെടെയുള്ള 107 പേര്‍ക്ക് സ്വീകരണം നല്കി.15 സജിവപ്രവര്ത്തകരും ഇവരില്‍ പെടുന്നു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ചടങ്ങാണ് വിമതരെ സ്വീകരിക്കാന്‍ സംഘടിപ്പിച്ചത്.
സിപിഎം വിടുന്ന വിമത വിഭാഗവുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള മുതിര്‍ന് നേതാക്കള്‍ കണ്ണൂരില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ മുഴുവന്‍ കാറ്റില്‍പറത്തി രാഷ്ട്രീയ ഭീഷണികള്‍ക്ക് നടുവിലാണ് ഗോപാലന് മാഷും സംഘവും സിപിഎം അംഗത്വം സ്വീകരിച്ചത്.
ബേഡകം ഏരിയയിലെ നെല്ലിത്താവ്(24 പേര്) ഞെരു(24) കുറ്റിക്കോല്‍(22) മാനടുക്കം(12)ബേത്തൂര്‍പാറ(9) ബന്തടുക്ക(8) പടുപ്പ്(8) എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള 107 പേരാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ ഏകാധിപത്യത്തിലും, അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്.
സ്വന്തം വീട്ടിലേക്കുള്ള മടക്കമായാണ് സിപിഐയില്‍ ചേര്‍ന്നതിനെ കാണുന്നതെന്നും മുതിര്‍ന്ന സിപിഎം നേതാവ് പി. ഗോപാലന് മാസ്റ്റര്‍ പറഞ്ഞു. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ നടന്ന സിപിഐ കണ്‍വെന്‍ഷനില്‍ അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര് സിപിഎം വിടാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: