കല്‍പ്പറ്റ: പാരിസ്ഥിതിക പ്രാധാന്യമുള്ള ഫാന്റം റോക്ക് കൊളഗപ്പാറ ആറാട്ടുപാറ എന്നിവിടങ്ങളില്‍ ക്വാറി, ഖനന, ക്രഷര്‍ പ്രവര്‍ത്തനം വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ നിരോധിച്ചു. ബത്തേരി താലൂക്കില്‍പ്പെട്ടതാണ് ഈ മൂന്ന് പ്രദേശങ്ങളും.
സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, വയനാട് ജില്ലാ ജിയോളജി ഓഫീസിലെ ജിയോളജിസ്റ്റ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് ഉത്തരവ് നടപ്പാക്കേണ്ടത്. ഫാന്റം റോക്കിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം അല്ലാതെ എല്ലാ വിധത്തിലുള്ള വാണിജ്യ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്.
ഫാന്റം റോക്കിന്റെ കൃത്യമായ അതിര്‍ത്തി വയനാട് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഒരാഴ്ചക്കകം വ്യക്തമായി വേര്‍തിരിക്കണം.
കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറയിലെ ക്വാറി, ഖനന, ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും.
കൊളഗപ്പാറ പ്രദേശത്തും അതിന്റെ എല്ലാ അതിരുകളിലും നിന്ന് 200 മീറ്റര്‍ ചുറ്റളവിലുമുള്ള ഖനന പ്രവര്‍ത്തനവും ക്വാറി പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. അമ്പലവയല്‍ വില്ലേജിലെ ആറാട്ടുപാറയിലെ മുഴുവന്‍ പ്രദേശത്തും അതിന്റെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലും നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: