സ്വകാര്യബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 പേര്‍ക്ക് പരിക്ക്

Thursday 18 August 2016 10:19 pm IST

കൊടുങ്ങൂര്‍: ദേശീയ പാതയില്‍ നെടുമാവിനു സമീപം അമിതവേഗത്തിലെത്തിയ സ്വകാര്യബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ദേശീയപാത 183-ല്‍ കൊടുങ്ങൂരിനു സമീപം 15-ാം മൈലിലായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് തിട്ടയിലിടിച്ചത്. ഇടക്കുന്നത്തു നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടകാരണമെന്നു യാത്രക്കാര്‍ പറഞ്ഞു. ബസ് യാത്രികരായ വട്ടക്കാവ് സ്വദേശി ദിലീപ് (30), വാഴൂര്‍ സ്വദേശി അനില്‍ കുമാര്‍ (41), സാബു (46), നെടുങ്കുന്നം സ്വദേശിനി മിനി (39), പൊന്‍കുന്നം സ്വദേശി ഗോപകുമാര്‍ (43), ഭാര്യ ഓമന (39), തോപ്രാംകുടി സ്വദേശി ബിനോയി (42), പാലപ്ര സ്വദേശി വിജീഷ് (28) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഇടക്കുന്നം സ്വദേശികളായ അസറുദീന്‍ (24), രാജമ്മ (67), അന്നമ്മ ഡോവിഡ് (75), പള്ളിക്കത്തോട് സ്വദേശി സീമാ ഗോപാലകൃഷ്ണന്‍ (40) എന്നിവരെ കൊടുങ്ങരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമി ശുശ്രൂഷ നല്‍കി വിട്ടയച്ചു. അമിത വേഗത്തിലെത്തി ബസ് ഡിവൈഡറില്‍ ഇടിച്ചു കയറിയെങ്കിലും മറിയുകയാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പള്ളിക്കത്തോട് എസ്‌ഐ എം.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.