നന്മ സ്‌റ്റോറുകള്‍ പൂട്ടുന്നു ഓണം മുതല്‍ ഓണ്‍ലൈനില്‍ മദ്യവില്‍പ്പന

Thursday 18 August 2016 10:20 pm IST

  കോഴിക്കോട്: ഓണക്കാലം മദ്യത്തില്‍ മുക്കാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. ഫെഡിന്റെ 36 വിദേശ മദ്യവില്‍പ്പനശാലകളിലൂടെ ഓണ്‍ലൈന്‍ മദ്യവില്പന നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേകം കൗണ്ടറുകള്‍ തുറക്കും. നിലവിലുള്ള ബ്രാന്റുകള്‍ക്ക് പുറമെ 59 ബ്രാന്റു വിദേശമദ്യങ്ങള്‍കൂടി പുതുതായി വില്‍പ്പന നടത്താനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട.് സാധാരണക്കാര്‍ക്കായി വിലകുറഞ്ഞ മദ്യത്തിന്റെ സ്റ്റോക്ക് വര്‍ദ്ധിപ്പിക്കും. പ്രസ്‌ക്ലബിന്റെ മുഖാമുഖത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വിവാദതീരുമാനം അറിയിച്ചത്. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂ അപമാനമാണെന്ന എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ചെയര്‍മാന്റെ പ്രതികരണം. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയും സ്റ്റോക്ക് വര്‍ദ്ധിപ്പിക്കലുമടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്ന് മെഹബൂബ് പറഞ്ഞു. നല്ല ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഓണ്‍ലൈന്‍. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കോ സഹായികള്‍ക്കോ രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ഔട്ട്‌െലറ്റിലെ പ്രത്യേക കൗണ്ടറില്‍ ചെന്ന് മദ്യം വാങ്ങാം. മുന്തിയ ഇനം മദ്യമാണ് ലഭിക്കുക. അടുത്താഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് ഓണ്‍ലൈന്‍ മദ്യവില്‍പ്പന സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. തുടര്‍ന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കോഴിക്കോട്ട് മദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടത്തിലായതിനാല്‍ സംസ്ഥാനത്തെ 755 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്നും മെഹബൂബ് അറിയിച്ചു. ഇവ പ്രതിവര്‍ഷം 177.8 കോടി രൂപ നഷ്ടമുണ്ടാക്കുന്നു. പ്രാഥമിക സഹകരണസംഘങ്ങളോ റസിഡന്‍ഷ്യന്‍ അസോസിയേഷ നുകളോ മറ്റോ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രം നന്മ സ്റ്റോറു കളെ നിലനിര്‍ത്തും. ലാഭകരമല്ലാത്ത നന്മ സ്റ്റോറു കളുടെയും നഷ്ടത്തിലുള്ള ത്രിവേണി സ്റ്റോറുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഇവ പൂട്ടി, ദിവസ വേതനക്കാരെ ഒഴിവാക്കും. വാഹനങ്ങള്‍ ലേലം ചെയ്യും. വായ്പകള്‍ ഷെയറാക്കി മാറ്റും. നീതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ 173 മരുന്നുകള്‍ കൂടി വിതരണത്തിനെത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.