കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം: കുമ്മനം രാജശേഖരന്‍

Friday 19 August 2016 3:49 pm IST

കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകവന്ദനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

വിഴിഞ്ഞം: കേരളത്തിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് കൃഷിയും പാരമ്പരാഗത വ്യവസായങ്ങളും അടക്കി വാണിരുന്ന കേരളത്തില്‍ നിന്ന് ഇവ അപ്രത്യക്ഷമായിരിക്കുന്നു. ആഹാരം കഴിക്കാന്‍ തയ്യാറായവര്‍ ഉള്ളതുപോലെ തന്നെ കൃഷി ചെയ്യാന്‍ സന്നദ്ധരായവരും ഉണ്ട്. പ്രസംഗങ്ങളില്‍ മാത്രം കര്‍ഷക സ്‌നേഹം വാരി വിതറുന്നവര്‍ അത്യാവശ്യഘട്ടങ്ങളില്‍ പോലും ഇവരെ സഹായിക്കാന്‍ എത്തില്ല എന്നതാണ് പച്ചയാ

യ സത്യം. പ്രകൃതിക്ഷോഭം മൂലമോ മറ്റ് കാരണങ്ങളാലോ കൃഷി നശിക്കുന്നവര്‍ക്ക് ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലാതെ ആക്കുന്നതിന്റെയും കാരണക്കാര്‍ ഭരണവര്‍ഗ്ഗമാണ്. നെല്‍വയല്‍ തണ്ണീര്‍തട നിയമം വന്നതിന് ശേഷം പോലും ഹെക്ടര്‍ കണക്കിന് ഭൂമി നശിപ്പിക്കപ്പെട്ടു. ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷിക്കാന്‍ വളരെ എളുപ്പമാണ് എന്നാല്‍ അത് ജീവിത ശൈലി ആക്കാന്‍ പ്രയാസമാണ്. കൃഷിയും പരമ്പരാഗത വ്യവസായവും ജീവിതശൈലിയായി മാറ്റാന്‍ തയ്യാറായാല്‍ തന്നെ ഭക്ഷ്യപ്രതിസന്ധി ഒരു ഘട്ടം വരെയെങ്കിലും മറികടക്കാനാകും. കൈത്തറി, സ്വര്‍ണ്ണപ്പണി, മരപ്പണി തുടങ്ങി തകര്‍ച്ചയില്‍ പോയ വ്യവസായ മേഖലയെ സംരക്ഷിച്ചു തിരികെ കൊണ്ട് വരാനാണ് ബിജെപി പരിശ്രമിക്കുന്നത്. കേരളത്തെ തിരിച്ചുപിടിക്കുക എന്നതാണ് കര്‍ഷകമോര്‍ച്ചയുടെ ആത്യന്തിക ലക്ഷ്യം എന്നും കുമ്മനം പറഞ്ഞു. കര്‍ഷകവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിലുള്ള കര്‍ഷകരെ പൊന്നാടയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.

കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ്, സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്‍, ബിജെപി കോവളം മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍ക്കുഴി എം. രാധാകൃഷ്ണന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത ശിവകുമാര്‍, നേതാക്കളായ പൂന്തുറ ശ്രീകുമാര്‍, വി. ഉണ്ണികൃഷ്ണന്‍, അരുണ്‍ദേവ്, മലയിന്‍കീഴ് രാധാകൃഷ്ണന്‍, സുധര്‍മ്മ, എരുത്താവൂര്‍ ചന്ദ്രന്‍, എം.ആര്‍. ചന്ദ്രന്‍ എന്നിവരും ജനപ്രതിനിധികളായ ലതാകുമാരി, ജയലക്ഷ്മി, ശ്രീകല, എസ്. കുമാര്‍ പത്മകുമാര്‍,  രാജേഷ്, രാജലക്ഷ്മി, ശ്രീരാഗ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി തിരുപുറം ബിജു സ്വാഗതവും കോവളം നിയോജകമണ്ഡലം പ്രസിഡന്റ് എസ്എസ് വിനുകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.