ഗ്യാസ് വാതക പൈപ്പ് ലൈന്‍ : കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Friday 19 August 2016 7:01 pm IST

കണ്ണൂര്‍: ഗ്യാസ് വാതക പൈപ്പ് ലൈനിടുന്നതിന്റെ പേരില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. അപകടസാധ്യതയുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയിലൂടെ നടപ്പിലാക്കുന്നത് ഉപേക്ഷിക്കണമെന്നാവശ്യപെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാസ് പൈപ്പ്‌ലൈന്‍ വരുന്നതിന്റെ സ്ഥലം നിശ്ചയിക്കുന്നതിന്് മുമ്പ് തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ആവശ്യമായ പൈപ്പുകള്‍ കൊണ്ടിട്ടിരിക്കുകയാണ്. പൈപ്പ് ലൈന്‍ സംബന്ധിച്ച സ്ഥലനിര്‍ണയത്തെക്കുറിച്ച് അന്തിമ തീരുമാനമാകും മുമ്പാണ് രക്തസാക്ഷി മണ്ഡപത്തിനടുത്ത് പോലും പൈപ്പുകള്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത്. രക്തസാക്ഷികള്‍ക്ക് കൂട്ടായുള്ള അംബാനിയുടെ പൈപ്പ് കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ അപമാനം തന്നെയാണ്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. ഭരിക്കുന്നവന്റെ കീശ വീര്‍ക്കുന്നതല്ലാതെ പാവപെട്ടവന്റെ കീശ വീര്‍ക്കുന്നില്ല. ഭരണാധികാരികളുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അവസാനിപിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ കൂടി കടന്നു പോകുന്നത് ഭരണാധികാരികള്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്. ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ പോകണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെങ്കില്‍ സ്വന്തം വീടുവരെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. എന്നാല്‍ കോര്‍പറേറ്റ് താല്‍പര്യത്തിന് വഴങ്ങി സമ്പന്നന്മാര്‍ക്ക് വേണ്ടി കോടാനുകോടി ലാഭമുണ്ടാക്കാനാണ് ഇത് നടപിലാക്കുന്നത്. ഈ അഴിമതി പുറത്തു കൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയെ മതിയാവൂ. കോടതിയുടെ നിയന്ത്രണ വിദേയമായിട്ട് അഴിമതി രഹിതമായി സത്യസന്ധമായി സിബിഐ അന്വേഷിക്കണമെന്നും പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ലിസി സണ്ണി, അഡ്വ.കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, ഡി.സുരേന്ദ്രനാഥ്, രാമര്‍ക്കുട്ടി വെള്ളാവ് തുടങ്ങിയവര്‍ പങ്കെടുത്തു. യു.കെ.സെയ്ത് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.