തന്റേതല്ലാത്ത കാരണത്താല്‍ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് രണ്ടാഴ്ചയ്ക്കകം ജോലി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 19 August 2016 7:03 pm IST

കണ്ണൂര്‍: തന്റേതല്ലാത്ത കാരണത്താല്‍ പിഎസ്‌സി ജോലി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥിക്ക് രണ്ടാഴ്ചയ്ക്കകം നിയമനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹനദാസ് പബ്ലിക് സര്‍വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഗണിത ശാസ്ത്രം ഹൈസ്‌കൂള്‍ അസിസ്റ്റന്റായി നിയമനം നല്‍കിയശേഷം രണ്ട് മാസത്തിനകം കമ്മീഷന്‍ ഓഫീസില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ എ.മുഹമ്മദ് ഹുസൈന് ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) തസ്തികയില്‍ ജോലി നല്‍കാനാണ് ഉത്തരവ്. മുഹമ്മദ് ഹുസൈന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂര്‍ പിഎസ്‌സിയുടെ എച്ച്എസ്എ കണക്ക് തസ്തികയുടെ ലിസ്റ്റില്‍ (മുസ്ലീം) ഒമ്പതാം റാങ്കുകാരനായിരുന്നു പരാതിക്കാരന്‍. ആറ്, ഏഴ് റാങ്കുകാര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും അവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം നീട്ടിച്ചോദിച്ച് അപേക്ഷ നല്‍കി. അവരുടെ അപേക്ഷ നിരസിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് പിഎസ്‌സി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ 10 ദിവസത്തിനകം ജോലിയില്‍ ചേര്‍ന്നില്ല. ഇതിനിടെ 2015 മേയ് 31 ന് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. കമ്മീഷന്‍ പിഎസ്‌യില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 2010 നവംബര്‍ 30 ന് നിലവില്‍ വന്ന കണ്ണൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) തസ്തികയുടെ പരമാവധി കാലാവധിയായ നാലരക്കൊല്ലം 2015 മേയ് 30 ന് അവസാനിച്ചതായി പിഎസ്‌സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റാങ്ക്‌ലിസ്റ്റിലെ 6, 7 റാങ്കുകാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം ആവശ്യപ്പെട്ട് നല്‍കിയ കത്ത് 2015 മേയ് 22 ന് നിരസിച്ചതായി കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരന് തന്റേതല്ലാത്ത കാരണത്താല്‍ സാങ്കേതികതയുടെ പേരിലാണ് നിയമനം നിഷേധിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി. 6, 7 റാങ്കുകാര്‍ക്ക് സമയം നല്‍കാതിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ള രണ്ട് റാങ്കുകാര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടതായിരുന്നെന്നും കമ്മീഷന്‍ അംഗം പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് പിഎസ്‌സി സെക്രട്ടറിക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.