രക്ഷാബന്ധന്‍ അലങ്കോലപ്പെടുത്തി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു

Friday 19 August 2016 8:10 pm IST

കുട്ടനാട്: രക്ഷാബന്ധന്‍ മഹോത്സവത്തിനിടെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. ഇന്നലെ രാവിലെ 11ന് കുട്ടനാട് താലൂക്കാഫീസ് പരിസരത്തായിരുന്നു സംഭവം. മഹിളാ മോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന മഹോത്സവത്തോടനുബന്ധിച്ച് രാഖി ബന്ധിക്കുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്യുന്നതിനിടെയാണ് സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടത്. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനായ റോയിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും രാഖികള്‍ പൊട്ടിക്കുകയും ചെയ്തു. ഇയാളെ പിന്തുണച്ച് പ്രദേശവാസികളായ സിപിഎമ്മുകാര്‍ താലൂക്കാഫിസിലും പരിസരത്തും തടിച്ചുകൂടി. റോയിക്കെതിരെ തഹസീല്‍ദാര്‍ക്കും പുളിങ്കുന്ന് പോലീസിനും മഹിളാമോര്‍ച്ച പരാതി നല്‍കി. യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീകളെ അക്രമിച്ചവരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസെടുക്കണമെന്നും ഭാരതത്തിന്റെ പരമ്പരാഗത ഉത്സവമായ രക്ഷാബന്ധന ഉത്സവത്തെ വര്‍ഗ്ഗീയമെന്ന് ആക്ഷേപിച്ച ജീവനക്കാര്‍ മാപ്പുപറയണമെന്നും മഹിളാമോര്‍ച്ച മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വിധു പ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ ഗോപകുമാര്‍, സതിയമ്മ, മഹിളാ മോര്‍ച്ച നേതാക്കളായ ശോഭനകുമാരി, മിനിബിജു, ഷൈലജകുമാരി, ബിന്ദു വിനയന്‍, കല്പന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാബന്ധന്‍ ഉത്സവം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.