ടി.പി.ഗംഗാധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Friday 19 August 2016 9:34 pm IST

പാനൂര്‍: ഇന്നലെ അന്തരിച്ച ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ടിപി.ഗംഗാധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംഘര്‍ഷ ഭൂമികയായിരുന്ന പാനൂരിലും പരിസരത്തും എതിരാളികളുടെ എതിര്‍പ്പു വകവെക്കാതെ സംഘാദര്‍ശം നെഞ്ചേറ്റി പ്രവര്‍ത്തിച്ച ടിപി.ഗംഗാധരന് ജീവിതം സംഘം മാത്രമായിരുന്നു. കടവത്തൂര്‍ ശാഖാസ്വയംസേവകനായി പൊതുരംഗത്തെത്തിയ ടി.പി.ഗംഗാധരന്‍ 1977ല്‍ തൃപ്പങ്ങോട്ടൂര്‍ മണ്ഢലം കാര്യവാഹ്, പൊയിലൂര്‍ ഖണ്ഡ്കാര്യവാഹ് ചുമതലകള്‍ക്കു ശേഷം പാനൂര്‍ താലൂക്കിന്റെ കാര്യവാഹ് ചുമതലയിലെത്തി. 1992ല്‍ കര്‍സേവകനായി. പിന്നീട് സമാജസേവക്കായി സ്വജീവിതം നല്‍കാന്‍ തീരുമാനിച്ചു. ആദ്യം താമരശേരി താലൂക്ക് പ്രചാരകായി പ്രവര്‍ത്തിച്ചതിനു ശേഷം പത്തനംതിട്ട, ചെങ്ങന്നൂര്‍, പയ്യന്നൂര്‍ ജില്ലാ പ്രചാരക് ചുമതലയിലെത്തി. സംഘം ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ശീലമായിരുന്നു ടി.പി.ഗംഗാധരന്റേതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രഭക്തി വെളിവാക്കപ്പെടും. അനുകരണീയ മാതൃകയായി ലളിത ജീവിതം നയിച്ച ടിപി.ഗംഗാധരനെ അറിയാത്ത സ്വയംസേവകര്‍ സംസ്ഥാനത്ത് ചുരുക്കം മാത്രം. സംഘം നിശ്ചയിച്ച മേഖലകളില്‍ സംഘസന്ദേശമെത്തിക്കാന്‍ വിശ്രമലേശമന്യേ പ്രവര്‍ത്തിച്ചിരുന്നു ഇദ്ദേഹം. എന്നും ശരിയുടെ പക്ഷത്തായിരുന്നു ടി.പി.ഗംഗാധരന്‍. പ്രചാരക് ജീവിതം ഒഴിവാക്കിയതിനു ശേഷം കണ്ണൂര്‍ വിഭാഗിന്റെ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായി കര്‍മ്മമണ്ഡലത്തില്‍ നിലയുറപ്പിച്ചു. രാഷ്ട്രീയ എതിരാളികളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ സധൈര്യം സംഘപ്രവര്‍ത്തനം നടത്താന്‍ സ്വയംസേവകരോട് ആഹ്വാനം ചെയ്ത ടി.പി.ഗംഗാധരന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ നിലകൊണ്ടു. സംഘശിബിരങ്ങളിലെ നിറസാന്നിധ്യം. കളളകേസില്‍ക്കുടുക്കി കല്‍തുറങ്കിലടച്ചതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ വീട്ടിലേക്ക് പോകാതെ പോയത് അന്നു നടന്നുകൊണ്ടിരുന്ന സംഘശിബിരത്തിലേക്കായിരുന്നു. ഇതായിരുന്നു ടി.പി.ഗംഗാധരന് സംഘത്തോടുളള അഭിനിവേശം. ഈ ആദര്‍ശശാലിയായ മാതൃക കാര്യകര്‍ത്താവിന്റെ വിയോഗം സമാജത്തിനു തീരാനഷ്ടം തന്നെയാണ്. വൈകിയ വേളയില്‍ വൈവാഹികജീവിതം ആരംഭിച്ച് കുറച്ചുകാലം പ്രവാസജീവിതം നയിച്ചിരുന്നു ഇദ്ദേഹം. അവിടെ വെച്ചാണ് ന്യൂമോണിയ ബാധിതനാകുന്നതും രോഗം മൂര്‍ച്ഛിച്ച് ഇന്നലെ കാലത്ത് എട്ടുമണിയോടെ ഈ കര്‍മ്മയോഗി ശിവപദം പൂകിയതും. വൈകുന്നേരത്തോടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം സ്വദേശമായ കടവത്തൂരിലെത്തുമ്പോഴേക്കും പ്രദേശം ജനസമുദ്രമായിരുന്നു. പ്രിയ ഗംഗേട്ടനെ ഒരുനോക്കുകാണാന്‍ സംസ്ഥാനത്തെ നാനാതുറകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരുന്നു. ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖ് ഒ.കെ.മോഹനന്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തസേവാപ്രമുഖ് വിനോദ്, സേവാഭാരതി പ്രാന്തപ്രചാരക് എന്‍.കെ.പ്രദീപ്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, കാര്യകാര്യ അംഗം വത്സന്‍തില്ലങ്കേരി, വിഭാഗ് പ്രചാരക് കെ.ഗിരീഷ്, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.കെ.രാഗേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, വിഎച്ച്പി സംസ്ഥാനസെക്രട്ടറി ടി.രാജശേഖരന്‍, വിഭാഗ് സഹസംഘചാലക് അഡ്വ:സികെ.ശ്രീനിവാസന്‍, പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണു, കെ.സജീവന്‍, വി.പി.ഷാജി, കെ.സി.വിഷ്ണു, ടി.പി.സുരേഷ്ബാബു, ശങ്കരന്‍പുന്നാട്, എന്‍.പി.ശ്രീജേഷ്, ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാനസെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, മേഖലാ സഹസംഘടന സെക്രട്ടറി സുരേഷ്, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ:വി.രത്‌നാകരന്‍, കെ.കെ.കുഞ്ഞിക്കണ്ണന്‍, വി.പി.സുരേന്ദ്രന്‍, വി.പി.ബാലന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനജ്ഞയന്‍, കെ.കെ.ചന്ദ്രന്‍, രാജേഷ് കൊച്ചിയങ്ങാടി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഎളക്കുഴി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:രേണുസുരേഷ്, സി.പി.സംഗീത, എ.പി.പത്മിനി ടീച്ചര്‍, എന്‍.രതി, കെ.കാര്‍ത്തിക, എം.പി.ഷീബ, കെ.പി.മഞ്ജുഷ തുടങ്ങി നിരവധി പേര്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.