നിശബ്ദനായ ബില്വമംഗല്‍ മടങ്ങിവന്നു

Friday 19 August 2016 11:46 pm IST

ചിന്താമണിയുടെ നൃത്തരംഗം

മുംബയ്: ഭാരതത്തില്‍ നിര്‍മ്മിച്ച ഒരു നിശബ്ദ ചലച്ചിത്രം കൂടി മടക്കിക്കിട്ടി. സിനിമയുടെ അസല്‍ പതിപ്പല്ലെന്നു മാത്രം. കാണാതായ ബില്വമംഗല്‍ (വില്വമംഗലം) ആണ് പാരീസില്‍ നിന്ന് ഡിജിറ്റലായി മടങ്ങിയെത്തിയത്.

ഫ്രാന്‍സിലെ സിനിമാത്തേക്ക് ഭാരതത്തിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിന് കൈമാറിയത് 20 മിനിറ്റ് ചിത്രമാണ്. 1800നും 1930നും ഇടയ്ക്ക് നിമ്മിച്ച 1300 ഭാരത ചിത്രങ്ങളില്‍ 28 നിശബ്ദ ചിത്രങ്ങള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളുവെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോള്‍ ഒരെണ്ണം കൂടി കണ്ടെത്തിയതോടെ എണ്ണം 29 ആയി.

1919ല്‍ റസ്തം ദോത്തിവാല സംവിധാനം ചെയ്ത, ജംഷഡ്ജി ഫ്രാംജി മദന്‍ നിര്‍മ്മിച്ച ചിത്രം, കൃഷ്ണഭക്തനായ ബില്വമംഗലിനെപ്പറ്റിയാണ്. ഇദ്ദേഹമാണ് പിന്നീട് ഭക്ത സൂര്‍ദാസ് ആയതെന്ന് പറയുന്നു. കേരളത്തില്‍ രണ്ട് വില്വമംഗലം സ്വാമിമാരാണ് ഉണ്ടായിരുന്നത്. പക്ഷെ ബില്വമംഗലിലെ നായകന് ഇവരില്‍ ആരെങ്കിലുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ദൊറാബ്ജി മേവാവാലയാണ് കൃഷ്ണഭക്തനായ ബില്വമംഗലിന്റെ റോളില്‍. ഭക്ത ചിന്താമണിയായി മിസ് ഗോഹറും.

നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിലുള്ള ഏറ്റവും പഴക്കമുള്ള നിശബ്ദ ചിത്രം രാജാ ഹരിശ്ചന്ദ്രയാണ് (1917). രണ്ടാമത്തെ ചിത്രമാണ് ബില്വമംഗല്‍. അശ്രദ്ധയും ഫിലിമിലെ നൈട്രേറ്റ് നാശവും കാരണം നമ്മുടെ അമൂല്യമായ നിശബ്ദ ചിത്രങ്ങള്‍ മിക്കവയും നഷ്ടപ്പെട്ടുവെന്ന് ഫിലിം ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടര്‍ സുരേഷ് ഛബ്രിയ പറഞ്ഞു.

ശ്രീ ബുദ്ധനെപ്പറ്റിയുള്ള ലൈറ്റ് ഓഫ്ഏഷ്യ( 1925), രാജാ ഹരിശ്ചന്ദ്ര, കാളിയ മര്‍ദ്ദന്‍, (1919) മായാബസാര്‍(1925),സതി സാവിത്രി(1927), മുരളീവാല(1927), മാര്‍ത്താണ്്ഡ വര്‍മ്മ (1933), തുടങ്ങിയവയാണ് ഇപ്പോള്‍ നമ്മുടെ കൈവശമുള്ളവ.

ആവേശകരം: ഛബ്രിയ
ബില്വമംഗല്‍ എന്ന നിശബ്ദ ചിത്രം ആവേശകരമാണെന്ന് ഡിജിറ്റല്‍ പതിപ്പു കണ്ട ശേഷം സുരേഷ് ഛബ്രിയ പറഞ്ഞു. ഫാല്‍ക്കെ, ബാബുറാവു പെയിന്റര്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശൈലിയാണിതില്‍. ചിന്താമണിയുമായുളള ബന്ധത്തെച്ചൊല്ലി ബില്വമംഗലും പിതാവും തമ്മിലുള്ള തര്‍ക്കം, ചിന്താമണിയുടെ നൃത്തം, ഭഗവാന്‍ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ചിന്താമണിക്കുണ്ടാകുന്ന ബോധോദയം എല്ലാ ഇതിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.