തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു

Saturday 20 August 2016 10:38 am IST

പൂവാര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തായിരുന്നു വൃദ്ധയ്ക്ക് നായ്ക്കളുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ദീര്‍ഘകാലമായി പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശം തെരുവുനായ്ക്കളുടെ പിടിയിലാണ്. പ്രദേശത്തെ ഡെയ്സി എന്ന വീട്ടമ്മയേയും തെരുവ് നായ്ക്കള്‍ കൂട്ടമായി എത്തി കടിച്ചുകീറിയിട്ടുണ്ട്. ഗുരുതരമായ പരുക്കുകളോടെ ഡെയ്സിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ച ശേഷം പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11.37നാണ് ഡെയ്‌സിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൈയ്യിലും കാലിലുമാണ് പ്രധാനമായും കടിയേറ്റത്. കൈയ്യില്‍ ആഴത്തിലുള്ള കടിയേറ്റു. ഉടന്‍ തന്നെ പേവിഷബാധയെക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടര്‍ന്ന് സര്‍ജറി, ഓര്‍ത്തോപീഡിക്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ചികിത്സകള്‍ ലഭ്യമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.