ചികിത്സചെലവ് നല്‍കിയില്ല: ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

Saturday 20 August 2016 3:19 pm IST

പുത്തൂര്‍: കൈതക്കോട് വേലംപൊയ്കയില്‍ വാട്ടര്‍ ടാങ്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ചികിത്സാ ചെലവ് നല്‍കാമെന്ന പഞ്ചായത്ത് വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. കഴിഞ്ഞ ജൂണ്‍ 25നാണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീട്ടിലേക്ക് മറിഞ്ഞുവീണ് വേലംപൊയ്ക ബിജു ഭവനില്‍ അബി ഗബ്രിയല്‍ (ഏഴ്) മരണപ്പെടുകയും അമ്മ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബീന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടും ബില്ലടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അന്ന് മുതലുള്ള ചികിത്സാ ചെലവിനത്തില്‍ 5,22,700 രൂപ ആശുപത്രിയില്‍ അടയ്ക്കണം. അപകടം ഉണ്ടായ സമയം ഇവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. തുടര്‍ന്ന് പണം അടയ്ക്കാനില്ലാതെ ആശുപത്രിയില്‍ കഴിയുകയായിരുന്നു ബീന. സംഭവം പുറത്തറിഞ്ഞതോടെ പഞ്ചായത്ത് അധികൃതരുടെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തി. അധികൃതര്‍ ബില്ലടയ്ക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് സമരക്കാരുമായി പോലീസ് ചര്‍ച്ച നടത്തി. അപകടം സംഭവിച്ച കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശുപത്രി ബില്ലടയ്ക്കാവുന്ന സൗകര്യം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടി മരണപ്പെട്ടതിന് മൂന്ന് ലക്ഷം രൂപയും അമ്മയുടെ ചികിത്സാ ചെലവിന് രണ്ട് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് താലൂക്ക് ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് ലക്ഷം രൂപ ആശുപത്രിയിലടച്ച് ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിക്കുമെന്നും ബാക്കി തുക പഞ്ചായത്ത് അടയ്ക്കുമെന്നും പ്രസിഡന്റ് ഉറപ്പു നല്‍കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിന് കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജുചെറുപൊയ്ക, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധരന്‍പിള്ള, ദിനചന്ദ്രന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി മധു വട്ടവിള, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി ആര്‍.ബാഹുലയന്‍,ആര്‍.സേതു, ആര്‍.വിശ്വനാഥന്‍, ദിലീപ്, പഞ്ചായത്തംഗങ്ങളായ സന്തോഷ്‌കുമാര്‍, ഗീതാകുമാരി അന്തര്‍ജനം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.