മദ്യവില്‍പനശാലയില്‍ മോഷണം

Saturday 20 August 2016 3:22 pm IST

പത്തനാപുരം: മദ്യവില്‍പനശാലയില്‍ മോഷണം. മുപ്പത്തയ്യായിരത്തോളം രൂപയുടെ മദ്യമാണ് അപഹരിച്ചത്. വില കൂടിയ മദ്യങ്ങളാണ് മോഷണം പോയതില്‍ അധികവും. ബിവറേജസ് കോര്‍പ്പറേഷന്റെ പത്തനാപുരം ഔട്ട് ലെറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ആയുധം ഉപയോഗിച്ച് പൂട്ട് കുത്തി പൊളിച്ച നിലയിലാണ്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഷട്ടര്‍ പകുതി തുറന്നു വച്ചിരിക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പത്തനാപുരം പോലീസിലും വെയര്‍ഹൗസിലും വിവരം അറിയിച്ചു. കൊട്ടാരക്കരയില്‍ നിന്നും വിരലടയാള വിദഗ്ധരും കൊല്ലത്തുനിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്നും മദ്യമായിരുന്നു നഷ്ടപ്പെട്ടിരുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് മദ്യവില്‍പന ശാല തുറന്നത്. പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്‍, വിരലടയാളവിദഗ്ധരായ ബിജിലാല്‍, ശ്രീജിത്ത്, പുരുഷോത്തമന്‍, രവീന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.