ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് എ ഗ്രൂപ്പ്

Saturday 20 August 2016 9:20 pm IST

ആലപ്പുഴ: ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് ആലപ്പുഴ ബ്ലോക്കിലെ എഗ്രൂപ്പ് നേതാക്കള്‍ പരാതി നല്‍കി. ഷുക്കൂര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ത്ത് കുഴിതോണ്ടുകയാണെന്ന് അവര്‍ ആരോപിച്ചു. നേരത്തെ കെപിസിസി മാനദണ്ഡം ലംഘിച്ച് ആലപ്പുഴ നോര്‍ത്ത് ബ്ലോക്കില്‍ ഷുക്കൂര്‍ നടത്തിയ വാര്‍ഡ് രൂപീകരണ യോഗങ്ങള്‍ കെപിസിസി പ്രസിഡന്റ് ഇടപെട്ട് നിര്‍ത്തിവയ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കമ്മീഷന് ഷുക്കൂര്‍ നടത്തിയ ക്രമക്കേടുകള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായില്ല. ഡിസിസി യോഗങ്ങളില്‍ അദ്ധ്യക്ഷനും സ്വാഗതവും നന്ദിയുമെല്ലാം പ്രസിഡന്റു തന്നെയാണ് നടത്തുന്നത്. രണ്ടു ഡിസിസി ഓഫീസ് നിര്‍മ്മിച്ചതാണ് ഷുക്കൂര്‍ വലിയ അവകാശവാദമായി ഉന്നയിക്കുന്നത്. എന്നാല്‍ ആ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വരവും ചെലവും അറിയാവുന്ന ഒരു കോണ്‍ഗ്രസുകാരന്‍പോലും ജില്ലാ കമ്മറ്റിയിലില്ലെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി. ആലപ്പുഴ സൗത്തിലും നോര്‍ത്തിലും നിയമിച്ച ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരാണ്. പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് എം. മുജീബിനെ മാറ്റിയത് ഷുക്കൂറിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യാത്തതിനാലാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് എതിരെ നോട്ടീസ് പ്രചരിപ്പിച്ചതും ഷുക്കൂറിന്റെ അടുത്ത ബന്ധുവാണെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. അതിനിടെ ഷുക്കൂര്‍ പുറത്താക്കിയ പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് എം. മുജീബിന്റെ നേതൃത്വത്തില്‍ സമാന്തരയോഗം ചേര്‍ന്നതായും അറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.