ബലൂചികളുടെ ബന്ധു

Saturday 20 August 2016 9:42 pm IST

രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം സൃഷ്ടിച്ച അലയൊലികള്‍ തരംഗമായിപ്പടരുകയായാണ്. ചിലരില്‍ ആവേശമായും മറ്റ് ചിലരില്‍ അങ്കലാപ്പായും അത് കത്തിക്കയറുന്നു. സ്വരാജ് നമുക്ക് കൈവന്നുവെന്നും സുരാജിലേക്കുള്ള മുന്നേറ്റമാണ് ഇനി വേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. പാക്കധീനകശ്മീരിലെ സ്വാതന്ത്ര്യപ്പോര്‍വിളികള്‍ക്ക് ഭാരതം പിന്തുണ നല്‍കുമെന്ന സൂചനയാണ് അറുപതാണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന അഴകൊഴമ്പന്‍ വിദേശനയത്തിന് മൂര്‍ച്ചയും തീര്‍ച്ചയും പകര്‍ന്നത്. ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. സിന്ധ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ പൂര്‍ണസ്വാതന്ത്ര്യത്തിനായി പോരാടി ബലിദാനികളായ നൂറുകണക്കിന് ദേശസ്‌നേഹികളുടെ ലാഹോറും കറാച്ചിയുമൊക്കെ ഭാരതത്തോടുചേരേണ്ടതാണെന്ന യഥാര്‍ത്ഥ ദേശീയവാദിയുടെ ഉദാത്തമായ സ്വപ്‌നങ്ങളുടെ തുടക്കമാണ് ചെങ്കോട്ടയില്‍ അരുണാഭ കലര്‍ന്ന തലപ്പാവ് ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആ ധീരമായ പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഹിമാലയന്‍രാജ്യങ്ങളുടെ അകത്തളങ്ങളില്‍ പ്രകമ്പനം കൊണ്ടു. നരേന്ദ്രമോദിയുടെ സിംഹഗര്‍ജ്ജനം കേട്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നായിരുന്നു അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പ്രതികരണം. ഓര്‍ക്കണം, നരേന്ദ്ര ദാമോദര്‍ദാസ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുഹൂര്‍ത്തം. അഖണ്ഡഭാരത സാരഥികളെയാകെ സാക്ഷിനിര്‍ത്തിയായിരുന്നു ആ സ്ഥാനാരോഹണം. സാര്‍ക്ക് രാജ്യത്തലവന്മാരെല്ലാം അന്ന് നരേന്ദ്രമോദിക്ക് ആശംസകളര്‍പ്പിക്കാന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തിയിരുന്നു. ചിലരെങ്കിലും ആ സമ്മോഹനനിമിഷത്തിന്റെ ആദര്‍ശപ്പൊലിമയെക്കുറിച്ച് അന്നേ നിരീക്ഷിച്ചിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഭാരതത്തെക്കുറിച്ച് ആദരവ് സൃഷ്ടിക്കുകയായിരുന്നു മോദിയുടെ അടുത്ത ഉന്നം. അതേസമയം, രാജ്യത്തെ സര്‍വസാധാരണക്കാരെ സാമ്പത്തികസ്വാതന്ത്ര്യത്തിലേക്ക് നയിക്കുക എന്നതും ലക്ഷ്യമായി. ജനക്ഷേമപദ്ധതികളുമായി നരേന്ദ്രമോദി ഭാരതത്തിലെ ജനസാമാന്യത്തിന്റെ ഹൃദയം കവര്‍ന്നു, അതോടൊപ്പം ലോകമനസ്സില്‍ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്തി. ഈ നാടിനൊപ്പം കൈകോര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിച്ചു. ഭാരതം പ്രപഞ്ചരക്ഷയുടെ ആധാരകേന്ദ്രമാണെന്ന് പടിഞ്ഞാറന്‍ നാടുകള്‍ തിരിച്ചറിഞ്ഞു. വിദ്വേഷരാഷ്ട്രീയവും അതിര്‍ത്തികടന്നുള്ള ഭീകരതയും വിപത്താണെന്ന് തിരിച്ചറിഞ്ഞവര്‍ ഭാരതത്തിന്റെ കരുത്തുള്ള ശബ്ദത്തിനായി കാതോര്‍ത്തു. ഇതാ മൂന്നാം വട്ടം ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി മോദി അവര്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍ പ്രചണ്ഡവാതത്തിന്റെ കരുത്തോടെ വിളിച്ചുപറയുന്നു. ഇസ്ലാമാബാദില്‍ പറന്നിറങ്ങി അന്നാട്ടുമുക്രികളുടെ മൂക്കിനുനേരെ വിരല്‍ചൂണ്ടി രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഭീകരതയ്‌ക്കെതിരായ താക്കീത് നല്‍കി മടങ്ങിയതിന്റെ തൊട്ടടുത്ത മാസമാണ് നരേന്ദ്രമോദി ലോകത്തിന്റെ ശ്രദ്ധയെ കശ്മീരില്‍നിന്ന് പൊടുന്നനെ പറിച്ചെടുത്ത് ബലൂചിസ്ഥാനിലേക്ക് എറിഞ്ഞത്. പാക് സൈനികരും ഭരണകൂടവും ബലൂചിസ്ഥാനിലെ ജനങ്ങളോടുകാട്ടുന്ന ക്രൂരതകള്‍ പടമായും വരികളായും വാക്കുകളായും പിന്നാലെ വന്നു. ബലൂചികള്‍ അനുഭവിക്കുന്ന ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഇതാദ്യമായി ലോകം കാണുകയായിരുന്നു. പാക്കിസ്ഥാനെന്നത് ഒരു അസംബന്ധമാണെന്ന ഭാരത ദേശീയ നേതാക്കളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിരീക്ഷണത്തെ ശരിവെക്കുമാറ് ആ രാജ്യത്തുടനീളം സ്വാതന്ത്ര്യക്കൊടി ഉയരുന്നു. ബലൂചികള്‍ തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. അവര്‍ ഭാരതത്തിനും നരേന്ദ്രമോദിക്കും നന്ദി പറയുന്നു. ലോകം ഭാരതത്തിന്റെ കരുത്തുറ്റ ചുവടുവെയ്പിനെ ഭീകരതയ്‌ക്കെതിരായ മുന്നേറ്റമെന്ന് വാഴ്ത്തിയപ്പോള്‍ മലയാള മാധ്യമങ്ങള്‍ പുറംതിരിഞ്ഞുനിന്നു. രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗമായിരുന്നു ദേശീയമാധ്യമങ്ങളുടെ ചര്‍ച്ചാവിഷയമെങ്കില്‍ മലയാള മാധ്യമങ്ങളുടെ വൈകിട്ടത്തെ പരിപാടിയില്‍ ഉനയിലെ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു വിഷയം. കേരള്‍ മാംഗെ ആസാദി, കശ്മീര്‍ മാംഗെ ആസാദി എന്നൊക്കെ വിളിച്ചുകൂവി കൊടികെട്ടിയ രാജ്യസ്‌നേഹം തെളിയിച്ച കൂടപ്പിറപ്പുകള്‍ കൈകോര്‍ത്തുപിടിച്ച് ദളിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതാണ് മലയാളം ചാനലുകാരെ കോള്‍മയിര്‍ കൊള്ളിച്ചത്. അതും ഗുജറാത്തിലാണ് സംഭവം. പോരേ പൂരം... ഒന്നരപ്പതിറ്റാണ്ടായി ഗുജറാത്താണ് ഇവര്‍ക്ക് വിഷയം. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളെയും അപമാനിക്കാന്‍ കള്ളക്കഥകള്‍ പടച്ചുവിട്ടുനടത്തുന്ന അഭ്യാസത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം തന്നെ അവസരമാക്കിയ ഇത്തരക്കാരെക്കുറിച്ചെന്തുപറയാനാണ്... പേരിന്റെ അറ്റത്ത് സേന എന്ന് ചേര്‍ക്കുന്ന എല്ലാതെമ്മാടിക്കൂട്ടങ്ങളെയും ഒറ്റ രാത്രികൊണ്ട് ഇവര്‍ പിടിച്ച് സംഘപരിവാരക്കാരാക്കും. പശുസംരക്ഷകരെന്ന പേരില്‍ ആരൊക്കെയോ ആസൂത്രിതമായ നടത്തുന്ന സകല പേക്കൂത്തിനും നരേന്ദ്രമോദിയും ആര്‍എസ്എസും മറുപടി പറയണമെന്നാണ് വാദം. ദളിത് പിന്നാക്ക സമുദായസംഘടനകളൊന്നടങ്കം ആര്‍എസ്എസിനൊപ്പമാണെന്ന വസ്തുതകളെ മറച്ചുപിടിച്ച് തീവ്രവാദബന്ധമുള്ള കുറേ അരാജകവാദികളെ മാന്യതയുടെ കുപ്പായമിടുവിച്ചാണ് ഈ രാജ്യദ്രോഹ അന്തിച്ചര്‍ച്ചകള്‍ പൊടിക്കുന്നത്. ആര്‍എസ്എസിന്റെ ജാതി തെരയാനും ആക്ഷേപിക്കാനും ഇവരാരാണ്... ഭാരതത്തിന്റെ ചരിത്രത്തില്‍ ജാതി ചോദിക്കാതെയും പറയാതെയും സമാനതയുടെ ഐതിഹാസികമായ മുന്നേറ്റം സൃഷ്ടിച്ച ഒരേയൊരു പ്രസ്ഥാനം ആര്‍എസ്എസാണ്. അന്ത്യജനഗ്രജനില്ലിവിടെ എന്ന് പാടി വളര്‍ന്നതാണ് ആ പ്രസ്ഥാനം. കേരളത്തിലെ വനവാസി ഊരുകളില്‍ ആ സ്പന്ദനം തൊട്ടറിയാന്‍ കഴിയും. ആയിരക്കണക്കിന് ഏകല്‍ വിദ്യാലയങ്ങള്‍ മുതല്‍ ഏകലവ്യ ഒളിമ്പിക്‌സ് വരെയുള്ളവ അവശരെ അജ്ഞരെ ആര്‍ത്തരെ തുണചെയ്‌തൊപ്പമുയര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങളാണ്. ''അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ലെന്നും ജാതി പോയേ തീരൂ, തരിമ്പും ബാക്കിയില്ലാതെ'' എന്നും ആഹ്വാനം ചെയ്ത ആര്‍എസ്എസ് തൃതീയസര്‍സംഘചാലക് ബാലാസാഹേബ് ദേവറസിന്റെ മാര്‍ഗദര്‍ശനം കരുത്താക്കിയ പ്രസ്ഥാനമാണത്. മഹാത്മാഗാന്ധി മുതല്‍ ഭീം റാവു അംബേദ്ക്കര്‍ വരെ ആര്‍എസ്എസ് നടത്തിയ ഈ നിശ്ശബ്ദവിപ്ലവത്തില്‍ അതിശയം പൂണ്ടവരാണ്. ഭാരതത്തില്‍ ആദ്യമായി ഒരു ദളിതനെ മുഖ്യമന്ത്രിയാക്കിയത്, ഒരു ദളിത് വനിതയ്ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരമൊരുക്കിയത്, ഒരു ദളിതനെ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റാക്കിയത്, ഒരു പിന്നാക്കക്കാരനെ പ്രധാനമന്ത്രിയാക്കിയത് ഭാരതീയജനതാപാര്‍ട്ടിയാണ്. ഇതൊന്നും ഇവര്‍ കൊട്ടിഘോഷിക്കുന്ന ദളിത് സംവരണത്തിന്റെ മാനദണ്ഡത്തിലായിരുന്നില്ല. ഒപ്പം പ്രവര്‍ത്തിച്ച്, ഒരുമിച്ച് മുന്നേറി കരുത്തുകൊണ്ട് നയിച്ച് നായകരായവര്‍.... ആ പ്രസ്ഥാനത്തെയും പ്രധാനമന്ത്രിയെയും കുറേ തെമ്മാടിക്കൂട്ടങ്ങളുടെ പേരുപറഞ്ഞ് ദളിത് വിരോധികളെന്ന് മുദ്രകുത്തി അപവാദപ്രചാരണം നടത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഹൈക്കോടതിയിലെ വക്കീലന്മാര്‍ വിളിച്ച ആ പേര് ഇണങ്ങും... കേള്‍പ്പോരും കേള്‍വിയുമില്ലാത്ത കുറേ ആളുകളെ ദളിത്‌പോരാളികളുടെ കുപ്പായമിടുവിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തെ അവര്‍ അപഹസിക്കുന്ന അതേ ദിവസമാണ് സി.കെ. ജാനു തൃശ്ശൂരില്‍ രാമായണോത്സവത്തിന് വിളക്ക് തെളിയിച്ചതും പന്തിഭോജനം നടത്തിയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.