എഴുപതിലെത്തിയ സ്വാതന്ത്ര്യം

Saturday 20 August 2016 9:45 pm IST

'പിറന്നുവീഴുമ്പോഴെ ചിലര്‍ അടിമയാവാനും ചിലര്‍ ആജ്ഞാപിക്കാനും വിധിക്കപ്പെടുന്നു' എന്ന് ലോകത്തോട് പറഞ്ഞ ചിന്തകനായിരുന്നു അരിസ്റ്റോട്ടില്‍. ബി.സി. 384 ല്‍ ജനിച്ച അരിസ്റ്റോട്ടിലിന്റെ ഈ വാക്കുകള്‍ക്ക് അര്‍ത്ഥതലങ്ങളും ഭാഷ്യങ്ങളും നല്‍കാന്‍ ലോകം നൂറ്റാണ്ടുകളായി ശ്രമിച്ചുവരുന്നുണ്ട്. സമഗ്രാധിപത്യ-സ്വേച്ഛാധിപത്യ ശക്തികളെ പിന്തുണയ്ക്കുന്നതാണ് അരിസ്റ്റോട്ടിലിന്റെ വാക്കുകളെന്ന് വിലയിരുത്തുന്നവര്‍ ഒട്ടേറെയുണ്ട്. അരിസ്റ്റോട്ടിലിനും ഗലീലയോയ്ക്കും കോപ്പര്‍നിക്കസിനുമെല്ലാം പീഡനങ്ങളും വിലങ്ങുകളുമൊക്കെയാണ് അന്നത്തെ പാശ്ചാത്യമതസമൂഹം സമ്മാനിച്ചത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അരിസ്റ്റോട്ടിലിന്റെ വാക്കുകള്‍ക്ക് ക്രാന്തദര്‍ശത്വമില്ലെന്ന് വര്‍ത്തമാന സമൂഹത്തിന് പറയാനാവുന്നുമില്ല. എന്നാല്‍ ഭാരതീയ ചരിത്രം മനുഷ്യനിര്‍മ്മിതിയില്‍ മഹത്വവും ഉല്‍ക്കൃഷ്ടതയും കണ്ടെത്തിയവരുടേതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സുകള്‍ സ്വാതന്ത്ര്യം തേടിയുള്ള നെട്ടോട്ടത്തിലാണ്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ എവിടെയും അവന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന റൂസോയുടെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന് രണ്ട് തലങ്ങളുണ്ടെന്ന് ഉദ്‌ഘോഷിക്കുന്നു. ഒന്ന് സ്വതന്ത്രനായി എല്ലാവിധ സ്വാതന്ത്ര്യത്തോടെയും അവനവനായിത്തീരുക എന്നതാണ്. മറ്റൊന്ന് സാമൂഹ്യജീവിതത്തിനുവേണ്ടി അവനവനിസത്തെ പൊരുത്തപ്പെടുത്തുകയും സ്വന്തം സ്വാതന്ത്ര്യത്തില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുക എന്നതാണ്. ഈ ദ്വന്ദ്വാത്മക സ്വാതന്ത്ര്യസങ്കല്‍പ്പത്തെ തുല്യപ്രാധാന്യത്തോടെ നോക്കിക്കാണുകയും ഉള്‍കൊള്ളുകയുമാണ് ഭാരതീയ സമൂഹം ചെയ്യുന്നത്. മനുഷ്യനെ സമഗ്രതയില്‍ ദര്‍ശിക്കുകയും സമാജ ആഭിമുഖ്യത്തോടെ സംസ്‌കരിക്കുകയും ചെയ്തു എന്നുള്ളതാണ് ഭാരതീയ കാഴ്ചപ്പാടിന്റെ മഹത്വം. ജനാധിപത്യക്രമത്തില്‍ക്കൂടി സല്‍ഭരണം കാഴ്ചവച്ച് രാജ്യം മുന്നേറുകയും മാനവരാശിക്ക് മാതൃകയാവുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സ്വതന്ത്രഭാരതത്തിന് അതിന്റെ സ്വത്വത്തിലൂന്നിയ ആസ്തിത്വം തന്നെ വേണ്ടവിധം ലോകത്തെ ബോധ്യപ്പെടുത്താനായിട്ടില്ല എന്നതാണ് സത്യം. ഭാരതം ഏകമായിരുന്നോ എന്ന ചോദ്യംപോലും ഉത്തരമില്ലാതെ വിവാദങ്ങള്‍ക്കു നാം വിട്ടുകൊടുത്തിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിലുടനീളം ദേശീയതയ്ക്കുവേണ്ടി നിലക്കൊണ്ടവരെ പിന്തിരിപ്പന്മാരും ഹിന്ദു വര്‍ഗ്ഗീയവാദികളും ന്യൂനപക്ഷ ദ്രോഹികളുമാക്കി അവതരിപ്പിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ്-സര്‍വ്വേന്ത്യാലീഗ് കക്ഷികള്‍ക്കുള്ളത്. പാകിസ്ഥാന്‍ വാദംപോലും ന്യായമായ ന്യൂനപക്ഷവകാശമാണെന്ന് വാദിച്ചവരായിരുന്നു ഇക്കൂട്ടര്‍. ഭാരതമാതാകീ ജയ് വിളിക്കുന്നതുപോലും അസഹ്യമായി ലീഗും-കമ്യൂണിസ്റ്റുകാരും 1940 കളില്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ദേശീയതയുടെ ചരടില്‍ കോര്‍ത്തിണക്കി മുഴുവന്‍ ഭാരതീയരേയും യോജിപ്പിക്കാനായിരുന്നു സ്വാതന്ത്ര്യസമര നേതൃത്വം ശ്രമിച്ചത്. ഇന്ന് ബിജെപിയെ പഴിക്കുന്നതുപോലെ അന്നത്തെ കോണ്‍ഗ്രസ്സിനെയും ഹിന്ദുവര്‍ഗ്ഗീയ കക്ഷിയായിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷവും ഭാരതം ഏകമായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നവരുടെ മനസ്സിലിരുപ്പ് ഭാരതവിരുദ്ധത തന്നെയാണ്. ഇത് മനസ്സിലാക്കാന്‍ നമുക്കാവണം. ഭാരതീയ സങ്കല്‍പ്പത്തിലൂന്നിയ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സത്തയെ കണ്ടെത്തി നെഞ്ചിലേറ്റാന്‍ കഴിഞ്ഞ ദേശീയനേതാവായിരുന്നു മഹാത്മാഗാന്ധി. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുംമുമ്പ് അദ്ദേഹം വൈവിധ്യത്തിലൂന്നിയ ഈ നാടിന്റെ ആത്മാവിനെ കണ്ടെത്താന്‍ ഭാരതപര്യടനത്തിനിറങ്ങിപ്പുറപ്പെട്ടത്. അധികാര രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയമാണ് ഗാന്ധി കൈകാര്യം ചെയ്തിരുന്നത്. 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രി എല്ലാവരും അധികാര കൈമാറ്റത്തിന്റെ ലഹരിയില്‍ അഭിരമിച്ചാഹ്ലാദനൃത്തമാടവേ ഗാന്ധി സാധാരണ ജനത്തോടൊപ്പം വിദൂരതയില്‍ യാതനാ പര്‍വങ്ങളെ നെഞ്ചിലേറ്റി വേദനിക്കുകയായിരുന്നു. അന്നത്തെ പഴയ കോണ്‍ഗ്രസിനുപകരം ജവഹര്‍ലാലിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന 'ഡ്യൂപ്ലിക്കേറ്റ് കോണ്‍ഗ്രസാണ്' രാജ്യത്തിന്റെ പതനത്തിനുത്തരവാദികള്‍. സ്വതന്ത്ര ഭാരതം നേരിടുന്ന ഇന്നത്തെ ഗുരുതരമായ പ്രശ്‌നങ്ങളുടെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതും 'ഡ്യൂപ്ലിക്കേറ്റ് കോണ്‍ഗ്രസ്' നടത്തിയിട്ടുള്ള വഞ്ചനാപരവും ജനവിരുദ്ധവുമായ നിലപാടുകളിലാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഭീകരവാദികള്‍ക്കുപോലും മേച്ചില്‍പ്പുറമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. ആന്തരിക സ്വാതന്ത്ര്യത്തെ സര്‍വ്വസ്വമായി കരുതിയ ഒരു നാടാണ് ഭാരതം. കല്‍തുറുങ്കിലെ കൂരിരുട്ടില്‍ നിസ്സഹായനായികിടക്കുമ്പോഴും ആത്മാവ് നഷ്ടപ്പെടാതെ സ്വാതന്ത്ര്യദാഹത്താല്‍ ജ്വലിക്കുന്ന അദ്ധ്യായങ്ങള്‍ സൃഷ്ടിച്ച സ്വാതന്ത്ര്യപ്രേമികളെ ചരിത്രത്തിലാവോളം ഭാരതത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ബാലഗംഗാധര തിലകന്‍, ഗാന്ധി, മഹര്‍ഷി അരവിന്ദന്‍, വീരസവര്‍ക്കര്‍ തുടങ്ങി കല്‍തുറുങ്കില്‍ കിടന്നും ഉല്‍കൃഷ്ട സാഹിത്യസംഭാവനകള്‍ സമൂഹത്തിന് സൃഷ്ടിച്ച് നല്‍കിയ മഹാരഥന്മാര്‍ നമുക്കുണ്ട്. രാജാവ് പരമശക്തനും, രാജാധികാരം ദൈവദത്തമെന്നും പ്രചരിപ്പിച്ച പാശ്ചാത്യ സങ്കല്‍പത്തില്‍നിന്നും വിഭിന്നാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട്. രാജാവ് പാലിക്കേണ്ട നിര്‍മമത്വം നമ്മുടെ രാഷ്ട്രവ്യവഹാര സങ്കല്‍പത്തിന്റെ അടിസ്ഥാന ശിലയാണ്. ദണ്ഡനീതിയില്ലാതെ രാജ്യം ഭരിക്കാനാകുമോയെന്ന യുധിഷ്ഠിരന്റെ സംശയത്തിനുള്ള മഹാഭാരതത്തിന്റെ മറുപടി ദണ്ഡനീതി രാഷ്ട്ര വ്യവഹാര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനനീതി എന്നായിരുന്നു. രാഗദ്വേഷങ്ങളും പകയും കൂടാതെ തന്നില്‍ നിക്ഷിപ്തമായ കടമ നിര്‍വ്വഹിക്കുമെന്ന ഉറപ്പാണ് ഇതുവഴി ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അഴിമതിയില്‍ ആണ്ടുപോയ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്കുള്ള മറുപടി വ്യക്തമായും മഹാഭാരതത്തിലുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഗാന്ധി ഏറ്റെടുത്തപ്പോള്‍തന്നെ ത്രിതല സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അദ്ദേഹം സ്വതന്ത്ര്യസമര സേനാനികളോട് നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനും ജാതീയത, തൊട്ടുകൂടായ്മ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ ഇല്ലാതാക്കി സമാജത്തെ സ്വതന്ത്രമാക്കണമെന്നദ്ദേഹം പറഞ്ഞിരുന്നു. ഇതുവഴി സാമൂഹ്യസ്വാതന്ത്ര്യം നേടാനും അദ്ദേഹം ഉദ്യമിച്ചിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമല്ല അതിനായുള്ള ഭാരതീയ സാമ്പത്തിക നീതിക്രമത്തിനുവേണ്ടിയും ഗാന്ധിജി നിഷ്‌കര്‍ഷിച്ചിരുന്നു. ഈ ത്രിതല സ്വാതന്ത്ര്യങ്ങളെ സാധിതപ്രായമാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെപോയി എന്നതാണ് കഴിഞ്ഞ 70 കൊല്ലത്തിനിടയില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പോരായ്മ. ഗാന്ധിമാത്രമല്ല പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയും ജയപ്രകാശ് നാരായണനും രാംമനോഹര്‍ലോഹ്യയുമൊക്കെ ദേശീയതയിലൂന്നിയ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയായിരുന്നില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന ആശയത്തെ തകര്‍ത്ത കുറ്റത്തിലെ മുഖ്യപ്രതി അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ്. ജനാധിപത്യത്തില്‍ അധികാരം മിതമായി വിനിയോഗിക്കുന്നതാണ് മിതവ്യയം. ഭരണാധിപന് കുടുംബത്തേക്കാള്‍ രാഷ്ട്രം വലുതെന്ന് ചിന്തിക്കത്തക്ക വലിയ മനസ്സുണ്ടാവണം. സ്വാതന്ത്ര്യ സമരത്തിനുനേതൃത്വം കൊടുത്ത ഗാന്ധി ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കന്മാര്‍ സ്വന്തം കുടുംബ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ചരിത്രമുള്ളവരാണ്. അവരുടെ ത്യാഗം മഹത്തരമായിരുന്നു. ലാല്‍ബഹദൂര്‍ശാസ്ത്രിയുടെ മരണശേഷം സൂത്രത്തില്‍ അധികാരം കൈക്കലാക്കിയ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുടുംബ വാഴ്ചയിലേക്ക് നാടിനെയും പാര്‍ട്ടിയേയും തള്ളിയിടുകയായിരുന്നു. രാഷ്ട്രം വ്യക്തിയിലേക്കും കുടുംബത്തിലേക്കും, പിന്നീട് ഏകാധിപത്യത്തിലേക്കും ലോപിച്ച നാളുകളായിരുന്നു അന്നത്തേത്. ഇത്തരം ഒരു ദുരവസ്ഥ രാജ്യത്തിന്റെ 70-ാം പിറന്നാളിലേക്ക് കടക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ മേഖലവഴി നമ്മുടെ രാജ്യത്തെ വേട്ടയാടിെക്കാണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയ ഭാരതം കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്തമേഖലകളിലും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ജനങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട സമയമാണ് എഴുപതാം പിറന്നാള്‍. ഭാരത സമ്പദ്‌വ്യവസ്ഥയും ആസൂത്രണവും പരാജയപ്പെട്ടു എന്ന് 1991 ല്‍ കോണ്‍ഗ്രസ് ഭരണകൂടംതന്നെയാണ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്. ഇക്കാര്യത്തില്‍ കുറ്റസമ്മതം നടത്തിക്കൊണ്ടാണ് നരസിംഹറാവു സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണനയം പുത്തന്‍നയമായി സ്വീകരിച്ചത്. അന്നത്തെ സാമ്പത്തിക നയംമാറ്റത്തിന്റെ രജതജൂബിലി വര്‍ഷമാണ് 2016. സോവിയറ്റ് മോഡല്‍ ആസൂത്രണവും നെഹ്‌റൂവിയന്‍ മോഡല്‍ കൃഷി സമ്പ്രദായവുമൊക്കെ ഇവിടെ പരാജയപ്പെടുകയാണുണ്ടായത്. ഇതു പാടില്ലെന്ന് സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍തന്നെ ശഠിച്ചിരുന്ന കക്ഷിയായിരുന്നു ഭാരതീയ ജനസംഘം. ബിജെപി ഭരണത്തിന്‍കീഴില്‍ ഭാരതം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാനിരക്കുള്ള നാടായി മാറിയിരിക്കുന്നു. സമ്പല്‍സമൃദ്ധവും വികസിതവുമായിരുന്ന നമ്മുടെ രാജ്യം വിദേശമേല്‍ക്കോയ്മയെ തുടര്‍ന്നാണ് സമസ്തമേഖലകളിലും താഴോട്ടുപോകാന്‍ തുടങ്ങിയത്. ഈ തിരിച്ചുപോക്കിന്റെ മര്‍മ്മം മനസ്സിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതുകൊണ്ടാണ് രാജ്യത്തിന്റെ തിരിച്ചുവരവിനായി മോദി ശ്രമിക്കുന്നത്. അധികാരമേറ്റശേഷം അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലൊക്കെ ഭാരതത്തിന്റെ തിരിച്ചുവരവിനെയും അതുവഴി മാനവരാശിക്കു ലഭിക്കാന്‍ പോകുന്ന നേട്ടങ്ങളെയുമാണ് വരച്ചുകാട്ടിയിട്ടുള്ളത്. 21-ാം നൂറ്റാണ്ട് നമ്മുടെ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് എവിടെയും ഉണ്ടാവേണ്ടത്. യാഥാര്‍ത്ഥ്യബോധത്തോടെ ഭാരതത്തിന്റെയും ഓരോ ഭാരതീയന്റെയും തിളക്കം ലക്ഷ്യമാക്കി നമുക്കു മുന്നേറാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.