നീറ്റ്: ആരോഗ്യമേഖലയില്‍ നിന്നും അയോഗ്യര്‍ അപ്രത്യക്ഷരാകും

Saturday 20 August 2016 11:16 pm IST

ന്യൂദല്‍ഹി: മതിയായ യോഗ്യതയില്ലാതെ, പണത്തിന്റെ സ്വാധീനത്തില്‍ ആരോഗ്യ ചികിത്സകര്‍ പൊട്ടിമുളയ്ക്കുന്നത് തടയാന്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നിര്‍ബന്ധമാക്കിയ നടപടി സഹായിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഈവര്‍ഷം മുതല്‍ തന്നെ നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രത്തിന്റെയും സുപ്രീംകോടതിയുടേയും നിലപാടുകളുടെ തുടര്‍ച്ചയാണ്. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് രാജ്യവ്യാപകമായി ഈ വര്‍ഷം മുതല്‍ നീറ്റ് നടത്താന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതി വിധിക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ട്. സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന നീറ്റ് ഓര്‍ഡിനന്‍സിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. നീറ്റ് അടിസ്ഥാനത്തില്‍ മാത്രം മെഡിക്കല്‍ പ്രവേശനം നടക്കുന്നതോടെ പഠന മികവുള്ളവര്‍ക്ക് മാത്രമേ ഡോക്ടര്‍മാരായി ഇനി ആശുപത്രികളിലെത്താന്‍ സാധിക്കൂ. സ്വാശ്രയ കോളേജുകളില്‍ വന്‍തുക നല്‍കി പ്രവേശനം തരപ്പെടുത്തി, പരീക്ഷകളില്‍ കൃത്രിമം നടത്തി ചിലര്‍ ഡോക്ടര്‍മാരാകുന്നുണ്ടെന്ന ആക്ഷേപത്തിനും ഇതോടെ അവസാനമാകും. സംസ്ഥാന സര്‍ക്കാര്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാരുമായി കരാറിലെത്തിയ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളിലെ മെറിറ്റ് സീറ്റുകളിലും ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അഡ്മിഷന്‍ ലഭിക്കുക എന്നതായിരുന്നു നിലവിലെ അവസ്ഥ. സര്‍ക്കാരുമായി കരാറൊപ്പിച്ച സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികളും നീറ്റ് അടിസ്ഥാനത്തില്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോടെ സീറ്റുകച്ചവടത്തിനുള്ള അവസാന അവസരവും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് നഷ്ടമായി. കരാറൊപ്പിടാത്ത സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഈവര്‍ഷത്തെ പ്രവേശനമെന്നാണ് കോടതി നിര്‍ദ്ദേശം. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലെ എല്ലാ സീറ്റുകളിലും നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം നടത്തേണ്ടത് എന്നാണ് സുപ്രീംകോടതി വിധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.