സ്വാശ്രയ മെഡി. പ്രവേശനം സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു

Sunday 21 August 2016 1:27 pm IST

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രത്യേക ഉത്തരവുമിറക്കി. 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം. ബാക്കി ് കേന്ദ്രസര്‍ക്കാരിന്റെ നീറ്റ് (ദേശീയ പൊതു പ്രവേശന പരീക്ഷ) പട്ടികയില്‍ നിന്ന്. ഫീസ്‌കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ന്യൂനപക്ഷ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ പരീക്ഷാ കമ്മീഷണര്‍ തുടങ്ങി. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊളിച്ചെഴുത്ത് നടത്തുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍. മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് നീറ്റ് പട്ടികയില്‍ ഉള്ളവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എംഇഎസ് ചെയര്‍മാന്‍ ഡോ ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. ജയിംസ് കമ്മറ്റി തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഈ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കൈകടത്തലാണ്. കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റ് അസോസിയേഷനും നിശ്ചയിച്ചിരിക്കുന്നത്. എന്‍ആര്‍ഐ സീറ്റുകളിലെങ്കിലും തങ്ങളുടെ രീതിയില്‍ ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കരാറൊപ്പിടാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്ന ഭീഷണിയും മാനേജ്‌മെന്റുകള്‍ മുഴക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ അലോട്ട്‌മെന്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാനേജ്‌മെന്റ് പ്രതിനിധികളോട് വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനത്തോടെ വീണ്ടും സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയം കോടതിയിലെത്തുമെന്ന് തീര്‍ച്ചയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.