ന്യൂദല്‍ഹി: പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ട് ഗവര്‍ണ്ണറുമായ ഊര്‍ജിത് പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയമനകാര്യ സമിതിയുടേതാണ് തീരുമാനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ഗവര്‍ണ്ണര്‍ രഘുറാം രാജന്റെ കാലാവധി തീരുന്ന സപ്തംബര്‍ 4ന് ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റെടുക്കും.
റിസര്‍വ്വ് ബാങ്കിന്റെ 24ാമത് ഗവര്‍ണറായാണ് ഊര്‍ജിത് പട്ടേല്‍ ചുമതലേല്‍ക്കുന്നത്. 2013 മുതല്‍ റിസര്‍വ്വ് ബാങ്കിന്റെ ധനനയരൂപീകരണ വകുപ്പിന്റെ ചുമതല പട്ടേലിനാണ്. യുപിഎ സര്‍ക്കാര്‍ 2013ല്‍ ഡപ്യൂട്ടി ഗവര്‍ണറായി നിയമിച്ച ഊര്‍ജിതിന് കഴിഞ്ഞ ജനുവരിയില്‍ രണ്ടാമതും ചുമതല നല്‍കുകയായിരുന്നു.
52കാരനായ ഊര്‍ജിത് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നാണ് ബിരുദം നേടിയത്. യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംഫിലും പൂര്‍ത്തിയാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കില്‍ നിരവധി പരിഷ്കരണങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു ഊര്‍ജിത് പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: