ചെറുതോണിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂട്ടി സീല്‍ ചെയ്തു

Sunday 21 August 2016 8:58 pm IST

ചെറുതോണി: ബസ്റ്റാന്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലിന്റെ ഉത്തരവ് പ്രകാരം വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ റവന്യൂ വകുപ്പുദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പൂട്ടി സീല്‍ ചെയ്തു. ദുരന്ത നിവാരണ സേന ചെയര്‍മാന്‍ എന്ന നിലയിലാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ നിരോധിത മേഖലയായി  പ്രഖ്യാപിച്ച സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ ഒന്‍പതാം തീയതി നാലിന് മുന്‍പായി കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് അന്നത്തെ ജില്ലാകളക്ടര്‍ ഡോ. എ കൗശിഗന്‍ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നാലുമണി കഴിഞ്ഞിട്ടും പൊളിക്കാത്തതിനെ തുടര്‍ന്ന് ജെസിബിയും ജോലിക്കാരും ഉള്‍പ്പെടെ കെട്ടിടം പൊളിക്കുന്നതിനായി ഉദ്യോഗസ്ഥരും പോലീസും എത്തിയിരുന്നു. വിവരമറിഞ്ഞ് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും നാട്ടുകാരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ കെട്ടിടത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സമരക്കാരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കെട്ടിടം പൊളിക്കണമെന്ന നിലപാടില്‍ ജില്ലാ കളക്ടര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതോടെ അന്ന് ഉദ്യോഗസ്ഥര്‍ തിരികെ പോകുകയായിരുന്നു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവ് നല്‍കിയിരുന്നതാണ്. എന്നാല്‍ വീണ്ടും കെട്ടിടം പണി തുടങ്ങിയതിനെ തുടര്‍ന്നാണ് കെട്ടിടം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.