യാത്രക്കാരെ പറ്റിക്കുന്ന സമയക്രമവുമായി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോ

Sunday 21 August 2016 9:23 pm IST

കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഡിപ്പോ

 

ഇരിങ്ങാലക്കുട : നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി നന്നാക്കാന്‍ ജീവനക്കാര്‍ സമ്മതിക്കില്ലയെന്നതിന് തെളിവാണ് ഇരിങ്ങാലക്കുട ഡിപ്പോ. ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിക്കുന്ന ഷെഡ്യൂളുകള്‍ ആര്‍ക്കുവേണ്ടിയാണ് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കാരണം യാത്രക്കാര്‍ക്ക് ഉപകാരമില്ലാതെയാണ് ഷെഡ്യൂളുകള്‍ നടക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഒരേ ദിശയിലേക്ക് 15 മിനിറ്റിനുള്ളില്‍ 3 വണ്ടികളാണ് പുറപ്പെടുന്നത്. 7.20, 7.25, 7.30 ഈ സമയങ്ങളില്‍ 3 ബസ്സുകളാണ് പുറപ്പെടുന്നത്. എറണാകുളം, ചോറ്റാനിക്കര, ചേര്‍ത്തല ഭാഗത്തേക്ക് പോകുന്ന ബസുകളാണ് ഈ സമയങ്ങളില്‍ പുറപ്പെടുന്നത്.
ഈ ബസുകള്‍ നാലര മണിക്കൂര്‍ എടുത്താണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്. മൂന്നാര്‍ സര്‍വീസ് ആരംഭിക്കുന്നത് 8 മണിക്കാണ്. ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കുന്ന സമയങ്ങള്‍ തൊഴിലാളികളുടെ സൗകര്യങ്ങള്‍ നോക്കിയാണ് സമയങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് അറിയുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ അതിരാവിലെ പുറപ്പെടുന്നതിനു പകരം വൈകി പുറപ്പെടുന്നത് യാത്രക്കാര്‍ക്കുവേണ്ടിയല്ല പകരം തൊഴിലാളികളുടെ സൗകര്യമാണ് നോക്കുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ സമയക്രമംകൊണ്ട് യാത്രക്കാര്‍ക്ക് യാതൊരു ഗുണവുമില്ല. ഈ ദീര്‍ഘദൂര സര്‍വീസുകള്‍ ഓര്‍ഡനറിയായി ഓടുന്നതുകൊണ്ടും നിറയെ പ്രൈവറ്റ് ബസുകളുള്ള ഈ റൂട്ടില്‍ ലാഭകരമല്ല. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രൈവറ്റ് ബസുകള്‍ നിറഞ്ഞ് പോകുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ കാലിയായാണ് പോകുന്നത്. പ്രൈവറ്റ് ബസ് ലോബിയെ സഹായിക്കുന്ന രീതിയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരും തൊഴിലാളികളും പ്രവര്‍ത്തിക്കുന്നത്. വളരെയേറെ തിരക്കുള്ള കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ യാതൊരു കാരണവുമില്ലാതെയാണ് വെട്ടിച്ചുരുക്കിയത്. ഈ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ബസുകളെ ഓടുന്നുള്ളു.
അതും പ്രൈവറ്റ് ബസുകളെ നോവിക്കാതെ. കോടികള്‍ മുടക്കി കെഎസ്ആര്‍ടിസി ഡിപ്പോയായി വികസിപ്പിച്ചിട്ടും യാത്രക്കാര്‍ക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല. അതുപോലെ ഏറ്റവും തിരക്കുള്ള കൊടകര-വെള്ളിക്കുളങ്ങര, പെരിഞ്ഞനം, തൃപ്രയാര്‍, ആമ്പല്ലൂര്‍ തുടങ്ങിയ മേഖലയിലേക്ക് ഇതുവരെയും ഒരു ഷെഡ്യൂളുകളും തുടങ്ങാത്തത് പ്രൈവറ്റ് ബസ് ലോബികളും കെഎസ്ആര്‍ടിസി അധികൃതരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും യാത്രക്കാര്‍ പറയുന്നു. ഈ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യമേര്‍പ്പെടുത്തണമെന്ന് ദീര്‍ഘകാലത്തെ യാത്രക്കാരുടെയും സംഘടനകളുടെയും ആവശ്യമാണ്.ഈ ആവശ്യങ്ങള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഇതുവരെയും നടപ്പിലാക്കാത്തതിലെ കളികളെ കുറിച്ച് ഒരന്വേഷണം ആവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു. കെഎസ്ആര്‍ടിസി എങ്ങനെ നഷ്ടത്തിലാകുന്നുവെന്നറിയാന്‍ ഇരിങ്ങാലക്കുട ഡിപ്പോയിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കന്ന യാത്രക്കാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.