സര്‍ക്കാരിന്റെ ദൂതനല്ല: മോഹന്‍ ഭാഗവത്

Sunday 21 August 2016 10:00 pm IST

ആഗ്ര: ജനസംഖ്യാ വര്‍ദ്ധനവിന് പിന്നിലെ സാമൂഹ്യ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിക്കരുതെന്ന് ഏതു നിയമമാണ് പറയുന്നതെന്ന് സര്‍സംഘചാലക് ചോദിച്ചു. മറ്റുള്ളവരുടെ ജനസംഖ്യ ഉയരുമ്പോള്‍ എന്താണ് ഹിന്ദുക്കളെ തടയുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട വിഷയമല്ലിതെന്നും സാമൂഹ്യ സാഹചര്യങ്ങള്‍ അങ്ങനെയാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ആഗ്രയില്‍ രണ്ടായിരത്തിലധികം യുവ ദമ്പതികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘങ്ങളുമായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ചകളാണ് സര്‍സംഘചാലക് ആഗ്രയില്‍ നടത്തിയത്. ഇന്നലെ നടന്ന സര്‍വ്വകലാശാല-ഹൈസ്‌കൂള്‍ അധ്യാപകരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ 11 പടിഞ്ഞാറന്‍ ജില്ലകളിലെ അധ്യാപകര്‍ പങ്കെടുത്തു. നിങ്ങളില്‍ പലരും പ്രതീക്ഷിക്കുന്ന പോലെ കേന്ദ്രസര്‍ക്കാരിന്റെ ദൂതനല്ല താനെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണെന്നും മോഹന്‍ ഭാഗവത് അധ്യാപകരോട് പറഞ്ഞു. നിരവധി പ്രശ്‌നങ്ങളുന്നയിച്ച് അധ്യാപകര്‍ സമീപിച്ചതോടെയാണ് കേന്ദ്രസര്‍ക്കാരിനെ വിഷയം ധരിപ്പിക്കാന്‍ സര്‍സംഘചാലക് നിര്‍ദ്ദേശിച്ചത്. അധ്യാപകരുടെ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും സര്‍സംഘചാലക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.