റഷ്യക്കാരന്‍ പത്രങ്ങള്‍ പിടിച്ചടക്കുന്നു

Monday 22 August 2016 9:29 am IST

‘ദ് ഡെയ്‌ലി ടെലഗ്രാഫ്’ കൈവശപ്പെടുത്താനുള്ള റഷ്യന്‍ മഹാകോടിപതി ഇവ്ഗനി ലെബദേവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ‘ദ് ലണ്ടന്‍ ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ന്റെയും ടിവി ചാനലായ ‘ലണ്ടന്‍ ലൈവി’ന്റെയും ഉടമസ്ഥനാണ് ലെബദേവ്.

‘ടെലഗ്രാഫ്’ ലേലത്തില്‍ പിടിക്കാനുള്ള ലെബദേവിന്റെ ശ്രമങ്ങള്‍ വിഫലമായതായി ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. വലതുപക്ഷ പത്രമായ ‘ടെലഗ്രാഫ്’ വാങ്ങാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ഈ വര്‍ഷമാദ്യം ടെലഗ്രാഫ് മീഡിയാ ഗ്രൂപ്പ് ചെയര്‍മാന്‍ എയ്ഡന്‍ ബാര്‍ക്ലേയെ ലെബദേവ് കണ്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ‘ടെലഗ്രാഫ്’ വില്‍പ്പനയ്ക്കുള്ളതല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്ന് ബാര്‍ക്ലേ പറയുന്നു. ‘ടെലഗ്രാഫ്’ ഉടമ സര്‍ ഡേവിഡിന്റെ മകനാണ് ബാര്‍ക്ലേ. അദ്ദേഹത്തിന്റെ ഇരട്ട സഹേദരനായ ഫ്രഡറിക്കും പങ്കാളിയാണ്.

ജനിച്ചത് മോസ്‌കോയിലാണെങ്കിലും ബ്രിട്ടീഷ് പൗരനാണ് ലെബദേവ്. തകര്‍ച്ചയിലായിരുന്ന ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’നെ ലാഭത്തിലാക്കിയതും സമ്പൂര്‍ണ്ണ ദിനപത്രമാക്കിയും ലെബദേവായിരുന്നു.

ലെബദേവ്‌

പത്രപ്രവര്‍ത്തനത്തിനായി ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ലെബദേവ്, ഹമീദ് കര്‍സായി, ഗൊര്‍ബച്ചേവ്, അലക്‌സാണ്ടര്‍ ലുകാഷെന്‍കോ തുടങ്ങിയ ലോകനേതാക്കളെ അഭിമുഖം ചെയ്തിട്ടുണ്ട്.

റഷ്യന്‍ ചാരസംഘടന കെജിബിയുടെ മുഖ്യഡയറക്ടര്‍ ആയിരുന്ന അലക്‌സാണ്ടര്‍ ലെബദേവിന് ആദ്യഭാര്യ നതാലിയയില്‍ പിറന്ന ഏക മകനാണ് ഇവ്ഗനി ലെബദേവ്. അച്ഛന്‍ കെജിബിക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയതോടെ എട്ടാം വയസ്സില്‍ ഇവ്ഗനി ലണ്ടനിലേക്ക് താമസംമാറ്റി. ബ്രിട്ടീഷ് രഹസ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനേക്കാള്‍ അദ്ദേഹം സമയം ചെലവഴിച്ചത് സാമ്പത്തിക കാര്യങ്ങളില്‍ അറിവ് സമാഹരിക്കാനാണ്.

കെന്‍സിങ്ടണിലെ സെന്റ് ബര്‍ണബാസ് ആന്റ് സെന്റ് ഫിലിപ്‌സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളിലും ഹോളണ്ട് പാര്‍ക്ക് മില്‍ഹില്‍ ബോര്‍ഡിങ് സ്‌കൂളിലും പഠിച്ചു. ലണ്ടനില്‍തന്നെ കലാ ചരിത്രപഠനം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വ്‌ളാദിമിര്‍ സൊകോളോവ് സോവിയറ്റ് യൂണിയനിലെ സയന്‍സ് അക്കാദമിയില്‍ ജീവശാസ്ത്ര വിഭാഗം തലവനായിരുന്നു.

2009 ജനുവരി 21 ന് ഇവ്ഗനിയും അലക്‌സാണ്ടര്‍ ലെബദേവും ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ ന്റെ 65 % ഓഹരികള്‍ വാങ്ങി. ലെബദേവിന്റെ ഉടമസ്ഥതയില്‍ 2009 ഒക്‌ടോബറില്‍ ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡ്’ സ്വതന്ത്ര പത്രമായി. വന്‍നഷ്ടത്തില്‍നിന്ന് പത്രത്തെ ലാഭകരമാക്കി വ്യവസായ നിരീക്ഷകരെ അമ്പരപ്പിച്ചു. പത്രത്തിന്റെ പ്രചാരം മൂന്നിരട്ടിയായി.

2014 ജനുവരിയില്‍ പ്രചാരം ഒന്‍പതു ലക്ഷത്തിലെത്തി. ഇന്ന് ലണ്ടനില്‍ 20 ലക്ഷത്തിലേറെ വായനക്കാരാണുള്ളത്.
പൂട്ടലിന്റെ വക്കിലെത്തിയ ‘ദ് ഇന്‍ഡിപെന്‍ഡന്റും’ ‘സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റും’ 2010 മാര്‍ച്ച് 25 ന് ലെബദേവ് വാങ്ങി. അതേവര്‍ഷം ഒക്‌ടോബര്‍ 26 ന് ബ്രിട്ടന്റെ പ്രഥമ ദേശീയ പത്രമായി ‘ദി ഇന്‍ഡിപെന്‍ഡന്റ്’ പ്രസിദ്ധീകരിച്ചു തുടങ്ങി. 2015 ല്‍ ദേശീയ ദിനപത്രമായി പ്രഖ്യാപിക്കപ്പെട്ടു. പത്രങ്ങളുടെ എഡിറ്റോറിയല്‍, വാണിജ്യകാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.

പത്രസ്വാതന്ത്ര്യത്തെ ലെബദേവ് പിന്തുണച്ചു. ലോകമാകെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പ്രോത്‌സാഹിപ്പിക്കാന്‍ 2011 ല്‍ ജേണലിസം ഫൗണ്ടേഷന്‍ സ്ഥാപിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം നിര്‍ത്തി.

പുരോഗമന പത്രമായി പേരെടുത്ത ‘ഇന്‍ഡിപെന്‍ഡന്റി’ന്റെ എഡിറ്ററായി 2013 ല്‍ ഭാരതീയനായ അമോല്‍ രാജന്‍ ചുമതലയേറ്റു. േദശീയ ദിനപത്രത്തിന്റെ വെള്ളക്കാരനല്ലാത്ത ആദ്യ എഡിറ്ററായി അദ്ദേഹം. 1983 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമോലിന്റെ മൂന്നാം വയസില്‍ കുടുംബം ലണ്ടനിലേക്ക് പോയി. ദക്ഷിണ ലണ്ടനിലെ ടൂട്ടിങ്ങില്‍ താമസം; ഗ്രാവ്‌നി സെക്കണ്ടറി സ്‌കൂളില്‍ പ്രാഥമിക പഠനം. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡൗണിങ്ങ് കോളേജില്‍ ഇംഗ്ലീഷ് പഠനം. അവിടെ കോളജ് മാഗസിന്‍ എഡിറ്ററായി.

18-ാം വയസില്‍ യുകെ വിദേശകാര്യ കോമണ്‍വെല്‍ത്ത് ഓഫീസില്‍ ഒരുവര്‍ഷം ജോലിചെയ്തു. ക്രിക്കറ്റ് ആരാധകന്‍. ആദ്യഗ്രന്ഥം ക്രിക്കറ്റിലെ സ്പിന്‍ബൗളര്‍മാരുടെ ചരിത്രം വിവരിക്കുന്ന ‘ട്വര്‍ളിമെന്‍, ദ് അണ്‍ലൈക്ക്‌ലി ഹിസ്റ്ററി ഓഫ് ക്രിക്കറ്റ്‌സ് ഗ്രേയ്റ്റസ്റ്റ് സ്പിന്‍ബൗളേഴ്‌സ്’, 2011 ല്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ചു. 2013 സെപ്തംബറില്‍ കേംബ്രിഡ്ജിലെ അധ്യാപികയായ ഷാര്‍ലറ്റിനെ വിവാഹംചെയ്തു.

‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ല്‍ സാറാ സാന്‍ഡ്‌സും ‘സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റി’ല്‍ ലിസ മാര്‍ക്ക്‌വെലും വനിതാ എഡിറ്റര്‍മാരായി.
കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ 2006 ല്‍ ഗോര്‍ബച്ചേവ് സ്ഥാപിച്ച റെയ്‌സ ഗോര്‍ബച്ചേവ് ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്നു ലെബദേവ്. സ്വന്തം പത്രങ്ങളുടെ പേരില്‍ നടത്തിയ ഒട്ടേറെ സാമൂഹ്യക്ഷേമ, ധനസമാഹരണ പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വമേകി.

അന്താരാഷ്ട്ര സന്നദ്ധസംഘടനയായ സ്‌പെയ്‌സ് ഫോര്‍ ജയന്റ്‌സിന്റെ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു. കലയെ പ്രോത്‌സാഹിപ്പിക്കുന്ന അദ്ദേഹം ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് തിയറ്റര്‍ അവാര്‍ഡ് സമിതി ചെയര്‍മാനാണ്.ബ്രിട്ടനിലും ഇറ്റലിയിലും സ്വത്തുള്ള ലെബദേവിന്റെ ഹാംപ്ടണ്‍ കോര്‍ട്ട് പാര്‍ക്കിലെ വസതി ശില്‍പചാതുരി നിറഞ്ഞതാണ്. സണ്‍ഡേ ടൈംസ്, ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ്, ദ് ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ഇറ്റലിയിലെ കൊട്ടാരങ്ങളെക്കുറിച്ച് ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചു.

ആധുനിക ബ്രിട്ടീഷ് കലയുടെ വലിയ ശേഖരത്തിനുടമയാണ്. ട്രേസി എമിന്‍, ആന്റണി ഗോംലെ, ഡാമിയന്‍ ഹിസ്റ്റ്, ഫ്രാന്‍സിസ് ബേക്കണ്‍, ലൂഷ്യന്‍ ഫ്രോയ്ഡ്, ചാപ്മാന്‍ ബ്രദേഴ്‌സ് തുടങ്ങിയവരുടെ സൃഷ്ടികള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. നവോത്ഥാന കലയെക്കുറിച്ചും അറിവിന് ഉടമ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.