സ്വകാര്യ ആശുപത്രി ലോബികളുടെ ഇടപെടലുണ്ടെ ആരോപണം മാങ്ങാട്ടുപറമ്പിലെ 'അമ്മയും കുഞ്ഞും' ആശുപത്രി നവീകരിച്ച കെട്ടിടം ഉദ്ഘാടനം വൈകുന്നു

Sunday 21 August 2016 11:03 pm IST

കണ്ണൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായി എട്ടു മാസമായിട്ടും മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം വൈകുന്നത് പ്രശ്‌നത്തില്‍ സ്വകാര്യ ആശുപത്രി ലോബികളുടെ ഇടപെടലാണെന്ന ആരോപണം ശക്തമാക്കി. ഏറെക്കാലത്തെ മുറവിളിക്കുശേഷം കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതി ലഭ്യമാക്കി ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാത്തതിനു പിന്നില്‍ സ്വകാര്യആശുപത്രി ലോബികളുടെ ഇടപെടലുണ്ടെ ആരോപണമാണ് ശക്തമായിരിക്കുന്നത്. 100 കിടക്കകളുള്ള ഈ സ്‌പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ പ്രസവക്കേസുകള്‍ കുറയുമെന്ന ആശങ്കയാണ് പ്രവൃത്തി പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ജില്ലയില്‍ ആരോഗ്യവകുപ്പ് നേരിട്ടു പ്രവര്‍ത്തിപ്പിക്കുന്ന ഏക സ്‌പെഷാലിറ്റി ആശുപത്രി എന്ന നിലയില്‍ ജില്ലയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയതോതില്‍ ഗര്‍ഭിണികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സൗകര്യമില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. 2009 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആശുപത്രിയില്‍ 2010 മേയ് മുതലാണ് 25 കിടക്കകള്‍ കൂടി ഏര്‍പ്പെടുത്തിയത്. അഞ്ച് ബെഡുകള്‍ കുട്ടികള്‍ക്കു വേണ്ടിയാണ്. ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് 2012 ലാണ് കെട്ടിടത്തിന്റെ പൂര്‍ണതോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 75 രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ കൂടിയൊരുക്കി 100 ബെഡുകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. കെട്ടിട നിര്‍മാണത്തിനനുവദിച്ച 1.90 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് എട്ടു മാസമായിട്ടും വൈദ്യുതീകരണത്തിന്റെ എസ്റ്റിമേറ്റ് പോലും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിംഗ് ഇതേവരെ തയാറാക്കി നല്‍കിയിട്ടില്ല. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിംഗിന്റെ അനാസ്ഥ കാരണമാണ് ഉദ്ഘാടനം നീളുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഓപ്പറേഷന്‍ തിയേറ്റര്‍, എക്‌സ്‌റേ, ന്യൂബോണ്‍ ഐസിയു, വിവിധ ലാബോറട്ടറികള്‍ എന്നിവയടക്കമുള്ള ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ നാലു നിലകളിലായാണ് പ്രധാന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. നാലു കുട്ടികളുടെ ഡോക്ടര്‍മാരും സൂപ്രണ്ട് ഉള്‍പ്പെടെ നാലു ഗൈനക്കോളജിസ്റ്റുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. പുതുതായി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെയും കംഫര്‍ട്ട് സ്റ്റേഷന്‍, കാന്റീന്‍ എന്നിവയുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.