മഴ കനിഞ്ഞിട്ടും രക്ഷയില്ല; ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് താഴ്ന്നു

Sunday 21 August 2016 11:29 pm IST

കുന്നത്തൂര്‍: കാലവര്‍ഷത്തിനിടയിലും ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ ജലനിരപ്പ് താഴുന്നത് ആശങ്ക ഉയര്‍ത്തുന്നു. അടുത്ത വേനലിന് മുമ്പ് തടാകം വറ്റി വരളാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വേനലില്‍ ജലനിരപ്പ് മൈനസ് 157 അടിവരെ താഴ്ന്നിരുന്നു. ഇതുമൂലം തടാകത്തിലെ പമ്പിംഗ് മൂന്നിലൊന്നായി കുറച്ചു. കാലവര്‍ഷം ശക്തിയായതോടെ ജലനിരപ്പ് മൈനസ് 16 അടിവരെ ഉയര്‍ന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയതോടെ വാട്ടര്‍ അതോററ്റി പമ്പിംഗ് പൂര്‍ണതോതിലാക്കിയതും മഴ ലഭ്യത കുറഞ്ഞതുമാണ് തടാക ജലനിരപ്പ് ഇപ്പോള്‍ താഴാന്‍ കാരണം. ഇന്നലെ രണ്ടടി കുറഞ്ഞ് മൈനസ് 18ലായി. ഈ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലത്ത് തന്നെ തടാകം വറ്റും. അതേസമയം ശാസ്താംകോട്ട തടാകത്തിലെ ജലചൂഷണം കുറയ്ക്കുന്നതിനായി കൊണ്ടുവന്ന ബദല്‍ കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടിട്ടില്ല. കോടികളാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാഴാക്കുന്നത്. കല്ലടയാറ്റില്‍ തടയണ നിര്‍മ്മിച്ച് വെള്ളം ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസില്‍ എത്തിക്കുവാനുള്ള പദ്ധതി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. അടുത്ത വേനലായാലും പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തടാകം ക്രമാതീതമായി വറ്റിയപ്പോള്‍ ജല വകുപ്പ് തിരക്കിട്ട് കൊണ്ട് വന്ന കെഐപി കനാല്‍ കുടിവെള്ള പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. ഒരു കോടിയില്‍പ്പരം രൂപ ചെലവഴിച്ച് ആരംഭിച്ച പദ്ധതി രണ്ടാഴ്ചക്കാലം മാത്രമാണ് പ്രാവര്‍ത്തികമായത്. ഭരണത്തിലെത്തുമ്പോള്‍ അഴിമതി നടത്താവുന്ന മാര്‍ഗമായി ശാസ്താംകോട്ട തടാകത്തെ ഇടതുവലതുമുന്നണി നേതാക്കള്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.