ചെണ്ടക്കാരന് തുണയായി

Monday 22 August 2016 12:10 am IST

കാട്ടാക്കട: ജീവിതതാളം പിഴച്ച ചെണ്ടക്കാരന് തുണയാകാന്‍ സുമനസുകളെത്തി. പൂവച്ചല്‍ മൈലോട്ടുമൂഴി ചായ്ക്കുളത്ത് തങ്കരാജ് എന്ന ചെണ്ട വിദ്വാന്‍ അര്‍ബുദം ബാധിച്ച് ടര്‍പ്പോളിന്‍ വലിച്ചുകെട്ടിയ കുടിലില്‍ കഴിയുന്നതറിഞ്ഞാണ് സുമനസുകള്‍ സഹായ വാഗ്ദാനവുമായി എത്തിയത്. 'ഇപ്പോള്‍ ദാരിദ്ര്യം ചെണ്ട കൊട്ടുന്നു' എന്ന തലക്കെട്ടില്‍ ഇന്നലെ 'ജന്മഭൂമി' തങ്കരാജിന്റെ ദുരിതജീവിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, പ്രശസ്ത ഇടയ്ക്ക വിദ്വാന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ തങ്കരാജിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു. തങ്കരാജിന്റെ തുടര്‍ ചികിത്സയ്ക്ക് കാരുണ്യ പദ്ധതിവഴി സര്‍ക്കാര്‍ സഹായം അനുവദിക്കാന്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അരുവിക്കര എംഎല്‍എ കെ.എസ്.ശബരീനാഥന്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയില്‍നിന്ന് തങ്കരാജിന്റെ നിര്‍ധന കുടുംബത്തിന് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കും. ഭക്ഷണം, ചികിത്സ എന്നിവയൊന്നുമില്ലാതെ നരകിക്കുന്ന തങ്കരാജിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയുന്നതെല്ലാം ചെയ്യും. കുടിലിനു പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ 'ജന്മഭൂമി'യോട് പറഞ്ഞു. തന്റെ പഞ്ചായത്തിലെ ഒരു മികച്ച കലാകാരന്റെ ദുര്‍വിധി ജന്മഭൂമി വാര്‍ത്തയിലൂടെയാണ് അറിയാനായത്. ഇതുവരെ ശ്രദ്ധയില്‍ പെടാതെ പോയതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ആശ്രയ പദ്ധതിയില്‍ തങ്കരാജിന്റെ കുടുംബത്തെ ഉള്‍പ്പെടുത്തും. തങ്കരാജിന്റെ തുടര്‍ചികിത്സയ്ക്കായി സഹായം, കുട്ടികളുടെ പഠനത്തിനുള്ള സഹായം എന്നിവ എത്തിക്കുമെന്ന് പ്രശസ്ത ഇടയ്ക്ക വിദ്വാനും പല്ലാവൂര്‍ അപ്പുമാരാരുടെ ശിഷ്യനുമായ പ്രകാശന്‍ പഴമ്പാലക്കോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.