അവള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല

Monday 22 August 2016 12:26 am IST

പുനലൂര്‍: 'അവള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല,' എല്ലാവര്‍ക്കും സ്‌നേഹം മാത്രം നല്‍കിയിരുന്ന, എല്ലാവരും സ്‌നേഹത്തോടെ റീന എന്നുവിളിച്ചിരുന്ന സോഫിയ തന്റെ മകന്റെ ഘാതകിയായത് വിശ്വസിക്കാനാവാതെ അമ്മ ലീലാമ്മയുടെ വാക്കുകള്‍. ആസ്‌ട്രേലിയയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സാമിന്റെ അമ്മയാണ് ലീലാമ്മ. കൊലപാതകത്തിന് ഭാര്യ സോഫിയയും കാമുകന്‍ അരുന്‍ കമലാസനനും മെല്‍ബണില്‍ ജയിലിലായി. കരവാളൂര്‍ എംഎംഎച്ച്എസ്എസില്‍ എസ്എസ്എല്‍സി വരെ പഠിച്ച സാം നല്ല ഗായകനായിരുന്നു. കീബോര്‍ഡും ഗിറ്റാറും വശമായിരുന്നു. കരവാളൂര്‍ ബഥേല്‍ മര്‍ത്തോമാ പള്ളിയിലെ കൊയര്‍ ഗായകസംഘത്തിലെ പ്രധാനിയായി. സംഘത്തില്‍ പാടാനെത്തിയ സോഫിയ സാമിന്റെ ഹൃദയം കീഴടക്കി. സാം എല്ലാം തുറന്നുപറയുന്നത് അമ്മ ലീലാമ്മയോടായിരുന്നു. പ്രണയവും മാതാവിനെ അറിയിച്ചു. 2008 ഫെബ്രുവരി 27ന് വിവാഹം നടത്തി. സാമിനെയും അനുജന്‍ സാജനെയും കഷ്ടപ്പെട്ടാണ് അച്ഛന്‍ എബ്രഹാം വളര്‍ത്തിയത്. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്‌ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ആസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താല്‍പര്യം. ഇതിനെ തുടര്‍ന്ന് 2013ല്‍ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയില്‍ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം പോയാല്‍ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുണ്‍. സോഫിയയുമായി ചേര്‍ന്ന് സാമിനെ വകവരുത്താന്‍ പല വട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പോലീസില്‍ അറിയിച്ചു. ഇത് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന് ഒരു ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് എബ്രഹാം ജന്മഭൂമിയോട് പറഞ്ഞു. ഇനി സാമിന്റെ മകന്‍ ഏഴുവയസുകാരനായ രോഹനെ വീണ്ടെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ഈ പിതാവിന്റെ തീരുമാനം. സാമിന്റെ ഓര്‍മകള്‍ക്ക് ബാക്കിയുള്ള ഏക സമ്പാദ്യം ഈ കുരുന്ന് മാത്രമാണ് ഈ വൃദ്ധദമ്പതികള്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.