നിലമ്പൂര്‍ നഗരസഭാ വിജിലന്‍സ് കുരുക്കില്‍

Monday 22 August 2016 1:42 pm IST

നിലമ്പൂര്‍: സിനിമ തിയറ്ററുകളില്‍ നടന്ന കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ ഏഴ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. വെട്ടിപ്പില്‍ പങ്കാളികളാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസെടുക്കുകയായിരുന്നു. ഇതോടെ നഗരസഭ ഭരണം പ്രതിസന്ധിയിലായി. ഒരു ദിവസം പോലും നിലമ്പൂരിലെ തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആയിട്ടില്ലെന്നാണ് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചലച്ചിത്ര വിതരണ കമ്പനികള്‍ക്ക് തിയറ്റര്‍ ഉടമകള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണക്കും നഗരസഭയുടെ കണക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. തിയറ്ററുകളില്‍ പരിശോധന നടത്തി കൃത്യമായി നികുതി പിരിക്കേണ്ടതിന് പകരം ഉടമകള്‍ നല്‍കുന്ന പണം സ്വീകരിക്കുന്നതാണ് പതിവ്. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിന് പ്രത്യുപകാരമായി നല്ല കൈമടക്കും നല്‍കും.വര്‍ഷങ്ങളായി ഈ പതിവ് തുടരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നഗരസഭാ ഉദ്യോഗസ്ഥരും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളും കൈക്കൂലി പണം പങ്കുവെച്ചെന്ന് വ്യക്തം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഎം എന്നീ പാര്‍ട്ടികളിലെ പ്രമുഖരും താമസിയാതെ കുടുങ്ങും. രജനീകാന്തിന്റെ കബാലി ആറ് ദിവസം കൊണ്ട് നഗരത്തിലെ രണ്ട് തിയറ്ററുകളില്‍ നിന്നായി വാരികൂട്ടിയത് അഞ്ചുലക്ഷത്തോളം രൂപയാണ്. കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേതൃത്വം ഈ അഴിമതിയെ വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ സിപിഐ ശക്തമായ പ്രതിഷേധത്തിലാണ്. സിപിഐ കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വന്നത് തന്നെ. സിപിഐ കൗണ്‍സിലര്‍ക്കെതിരെ സിപിഎം രംഗത്ത് വന്നതോടെ നിലമ്പൂരിലെ എല്‍ഡിഎഫിലും പൊട്ടിത്തെറി ആരംഭിച്ചു കഴിഞ്ഞു. ചന്തക്കുന്നിലെ ആഢംബര തിയറ്റര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ട് ഇത് മറച്ചുവെച്ചു. സിപിഐ കൗണ്‍സിലറുടെ ഒറ്റയാള്‍ പോരാട്ടം എന്തായാലും വളരെ പഴക്കമുള്ള ഒരു അഴിമതിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.