ബസ് സര്‍വ്വീസ് തടസപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

Monday 22 August 2016 9:04 pm IST

കാഞ്ഞാര്‍: കെഎസ്ആര്‍ടിസി ബസിന്റെ സര്‍വ്വീസ് തടസപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ  മൂലമറ്റം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ ഇലപ്പളളിക്ക് സമീപം മണപ്പാടി വടക്കേപ്പറമ്പില്‍ ബിജു (23)വാണ് അറസ്റ്റിലായത്.  കൂട്ടുപ്രതിയായ ലൈലാമോള്‍ ബസുടമ തൊടുപുഴ പെരുനിലത്ത് നിയാസ് ഇബ്രാഹിം എന്നയാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 10.55 ഓടെയാണ് സംഭവം. മൂലമറ്റം തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തൊടുപുഴ ഡിപ്പോയിലെ ബസിന്റെ ട്രിപ്പാണ് സ്വകാര്യ ബസ് ഉടമയും ജീവനക്കാരും ചേര്‍ന്ന് അലങ്കോലമാക്കിയത്. കെഎസ്ആര്‍ടിസി ബസ് മൂലമറ്റത്തു നിന്നും സര്‍വ്വീസ് തുടങ്ങി ഏതാനും മിനിട്ടുകള്‍ക്ക് ശേഷമാണ് സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. മൂലമറ്റത്തു നിന്നും കെഎസ്ആര്‍ടിസി  സര്‍വ്വീസ് തുടങ്ങിയപ്പോള്‍ തന്നെ തൊട്ടു പിന്നാലെയുള്ള സ്വകാര്യ ബസിലെ ഡോര്‍ ചെക്കറായ ബിജു കെഎസ്ആര്‍ടിസി  ബസില്‍ കയറിയിരുന്നു. ബസ് നീങ്ങി തുടങ്ങിയതിനു ശേഷം ബസില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ ആവശ്യപ്പെടാതെ തന്നെ ആളുകള്‍ ഇറങ്ങാനുണ്ടെങ്കിലും ഇല്ലെങ്കിലും ബിജു കെഎസ്ആര്‍ടിസി ബസ് ഇടക്കിടെ ബെല്ലടിച്ച് നിര്‍ത്തിക്കൊണ്ടിരുന്നു. ഇതേ സമയം പിന്നാലെയെത്തിയ നിയാസ് ഓടിച്ചിരുന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസിക്ക് മുന്നില്‍ കയറി പോവുകയും എല്ലാ സ്റ്റോപ്പുകളില്‍ നിന്നും ആളെ കയറ്റുകയും ചെയ്തു കൊണ്ടിരുന്നു. രണ്ട് ബസുകളുടേയും സമയമെടുത്ത് സ്വകാര്യ ബസ് ഓടിയതിനാല്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ട്രിപ്പ് അലങ്കോലമാകുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്ത കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടറോട് തട്ടിക്കയറുകയും ചെയ്തു. സംഭവമറിഞ്ഞ തൊടുപുഴ ഡിപ്പോ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ടക്ടര്‍ കാഞ്ഞാര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്തിരുന്നു.  ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുന്നതുമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.