കുമളിയില്‍ നാല് വീടുകളില്‍ മോഷണം

Monday 22 August 2016 9:04 pm IST

കുമളി: കുമളിയിലെ നാല് വിടുകളില്‍ മോഷണം. സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. കുമളി ബസ്റ്റാന്റിന് സമീപത്തുള്ള കുറുവച്ചന്‍ കോളനിയിലെ നാലു വീടുകളിലാണ് മോഷണം നടന്നത്. റോസാപ്പൂക്കണ്ടം കുറുവച്ചന്‍ കോളനിയിലെ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ നാച്ചമ്മ തിരൂര്‍ത്തി, പവനുത്തായി, ചിന്നകറുപ്പന്‍, മഹേശ്വരി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന മോഷണം ഇന്നലെ രാവിലെ ആറു മണിയോടെയാണ് സമീപവാസികള്‍ അറിയുന്നത്. സംഭവ സമയത്ത് അലക്കു തൊഴിലാളികളായ ഇവര്‍ ആരും വീടുകളില്‍ ഇല്ലായിരുന്നു. നാച്ചമ്മയുടെ വീട്ടില്‍ നിന്നും പുതിനയ്യായിരം രൂപയും പവന്നത്തായിയുടെ ആയിരം രൂപയും മഹേശ്വരിയുടെ മൂന്നര പവന്‍ സ്വര്‍ണാഭരണവും നാലു ജോഡി വെള്ളിക്കൊലുസുകളും ചിന്നക്കടുപ്പന്റെ അയ്യായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.ഒരു മേല്‍ക്കൂരയ്ക്ക് കീഴിലുള്ള ഒറ്റമുറി വീടുകളിലാണ് മോഷണം നടന്നത്. ഏല്ലാ വീടിന്റേയും പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. അടുത്തടുത്ത നാലു വീടുകളില്‍ മോഷണം നടന്നിട്ടും സമീപ വാസികള്‍ അറിഞ്ഞിരുന്നില്ല. ഇവരുടെ വീടിനു സമീപത്തുള്ള ആല്‍ത്തറയില്‍ നിന്നും ഒരു ടോര്‍ച്ചും തകര്‍ന്ന പൂട്ടും ഇത് പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് കമ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.