സിന്ധുവിന് ഉജ്ജ്വല സ്വീകരണം

Monday 22 August 2016 9:25 pm IST

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ജന്മനാട്ടില്‍ ഉജ്വല വരവേല്‍പ്പ്. ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സിന്ധുവിന് അഭിനന്ദനം അര്‍പ്പിക്കുവാന്‍ ഉന്നത രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നിരവധിപേരാണ് എത്തിയത്. കോച്ച് പുല്ലേല ഗോപി ചന്ദിനൊപ്പമായിരുന്നു സിന്ധു നാട്ടില്‍ തിരിശച്ചത്തിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഇരുവരെയും തുറന്ന ബസ്സിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ച ഗച്ചിബൗളി സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സ്‌റ്റേഡിയത്തില്‍ സ്വീകരണച്ചടങ്ങിനായി വാദ്യമേളങ്ങളും കലാപാരിപാടികളും ഒരുക്കിയിരുന്നു. തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹമ്മൂദ് അലിയും സിന്ധുവിന്റെ മാതാപിതാക്കളും മറ്റ് മന്ത്രിമാരും സിന്ധുവിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സിന്ധു നന്ദി പറഞ്ഞു. തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് അഞ്ച് കോടിയും ഹൈദരാബാദില്‍ താമസസ്ഥലവും ജോലിയുമാണ് നല്‍കുന്നത്. ആന്ധ്രാ സര്‍ക്കാരിന്റെ സ്വീകരണ പരിപാടികള്‍ പിന്നീട് നടക്കും. ആന്ധ്രാ സര്‍ക്കാര്‍ മൂന്ന് കോടിരൂപയും ജോലിയും താമസസ്ഥലവും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഗോപീചന്ദിന് തെലങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപയും ആന്ധ്രാ സര്‍ക്കാര്‍ 50 ലക്ഷം രൂപയും നല്‍കും. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പൊരുതി തോറ്റാണ് സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. രാജ്യത്തിനു വേണ്ടി ഒളിമ്പിക്‌സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് സിന്ധു റിയോയില്‍ സ്വന്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.