തിരൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്നു

Monday 22 August 2016 11:06 pm IST

മലപ്പുറം: കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ തീരദേശ മേഖല വീണ്ടും യുദ്ധക്കളമായി. സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണത്തില്‍ നൂറോളം വീടുകള്‍ അടിച്ചു തകര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തിരൂര്‍ ഉണ്ണ്യാലില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പക്ഷേ, കുറച്ച് ദിവസമായി ഇരുകൂട്ടരും അക്രമത്തില്‍ നിന്ന് ഉള്‍വലിഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും ആയുധങ്ങളുമായി ആളുകള്‍ സംഘടിക്കുകയായിരുന്നു. ഇതറിഞ്ഞ് ഉണ്ണ്യാലില്‍ പരിശോധനക്കെത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. ഗുരുതര പരിക്കേറ്റ് ഡിവൈഎസ്പി സന്തോഷും അഞ്ച് പോലീസുകാരും ചികിത്സയിലാണ്. ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. തീരദേശ മേഖലയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ വിവരം കിട്ടിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പോലീസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് അവകാശപ്പെട്ട് സിപിഎമ്മും മുസ്ലിം ലീഗും ഇന്നലെ രംഗത്തെത്തിയിരുന്നു. മാരാകായുധങ്ങളുമായി ഇരുകൂട്ടരും നടത്തുന്ന പോര്‍വിളി നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഉണ്ണ്യാലില്‍ ജനജീവിതം തടസപ്പെട്ടിരിക്കുകയാണ്. ലീഗ് പ്രവര്‍ത്തകര്‍ പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. സംഘര്‍ഷത്തിന്റെ മറവില്‍ പ്രദേശത്ത് മോഷണവും വര്‍ധിച്ചിട്ടുണ്ട്. പലരുടെയും പണവും സ്വര്‍ണ്ണാഭരണങ്ങളും പാസ്‌പോര്‍ട്ടും കളവ് പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.