കോഴിക്കോട്: സപ്തംബര്‍ 23, 24, 25 തിയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടെ ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 24ന് വൈകിട്ട് മൂന്നിന് കടപ്പുറത്തു നടക്കുന്ന വന്റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീനദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാജ്യത്തെ 4,120 നിയമസഭാമണ്ഡലങ്ങളിലും മോദിയുടെ ഉദ്ഘാടനപ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം നടക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ക്ക് ബിജെപി ദേശീയ നേതൃത്വം തുടക്കം കുറിച്ചു. പ്രമുഖ ദേശീയ ചാനലിന്റെ സഹായത്തോടെയാണ് തത്സമയ സംപ്രേഷണം നടക്കുക. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക.
1967ല്‍ കോഴിക്കോട് വെച്ച് നടന്ന ജനസംഘം ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ സമ്മേളനത്തിന് മുന്നോടിയായി ആദരിക്കും. അടിയന്തരാവസ്ഥ പോരാളികള്‍, പഴയകാല ജനസംഘംപ്രവര്ത്തകര് എന്നിവരെയും ആദരിക്കും.
കേരളത്തിന്റെ സമഗ്രവികസനത്തിനായി വിഷന്‍ കേരള എന്ന സമഗ്രവികസനരേഖ തയ്യാറാക്കും. കോഴിക്കോട് വെച്ച് നടക്കുന്ന വിവിധ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറില്‍ വികസന രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കും.
സപ്തംബര്‍ അഞ്ചു മുതല്‍ 11 വരെ വിപുലമായ ഗൃഹസമ്പര്‍ക്കം നടക്കും. സപ്തംബര്‍ 11ന് ബൂത്ത്തലത്തില്‍ സംസ്ഥാനവ്യാപകമായി പതാകദിനാചരണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: