തൊഴില്‍ ദിനവും വേതനവും കൂട്ടണമെന്ന് ബിഎംഎസ്

Tuesday 23 August 2016 12:40 am IST

തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ 250 ആക്കി ദിനവേതനം 500 രൂപയാക്കണമെന്ന് ദേശീയ തൊഴിലുറപ്പ് മസ്ദൂര്‍ സംഘം പ്രഥമ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവഗണന നേരിടുന്നെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമാക്കിയ ഈ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കപ്പെടുന്ന അവസ്ഥയാണിന്ന്. 100 ദിവസം ജോലി ഉറപ്പ് പറയുന്ന പദ്ധതിയില്‍ കേരളത്തില്‍ പ ല പഞ്ചായത്തിലും 50 ദിവസംപോലും തൊഴിലില്ല. വേതനം തുച്ഛവുമാണ്, സിന്ധുമോള്‍ പറഞ്ഞു. കാര്‍ഷിക മേഖലയേയും നിര്‍മ്മാണ മേഖലയേയും ഈ പദ്ധതിയില്‍ കീഴില്‍ കൊണ്ടുവരണം. തൊഴില്‍ദിനം ചുരുങ്ങിയത് 250 ദിനമാക്കണം. വേതനം 500 രൂപയാക്കാന്‍ ഇതുവഴി സാധിക്കുമെന്നും സിന്ധുമോള്‍ പറഞ്ഞു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്. രാജേന്ദ്രന്‍, പി.ജി. ഹരികുമാര്‍, ഡി. കുഞ്ഞുമോന്‍, എം.കെ. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഡി. കുഞ്ഞുമോനെ (തിരുവനന്തപുരം) പ്രസിഡന്റായും കെ.എന്‍. വിജയന്‍-തൃശൂര്‍, എം. വേലായുധന്‍- മലപ്പുറം, പി.ജി. ഹരികുമാര്‍-പത്തനംതിട്ട, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍-പാലക്കാട്, കെ. ശിവരാജന്‍-കൊല്ലം,സി.ഗോപകുമാര്‍- ആലപ്പുഴ, സി. ബാബു-കോട്ടയം, എസ്. കുര്യാക്കോസ്-ഇടുക്കി, പി.കെ. ശശി എറണാകുളം, വി. മാധവന്‍-പാലക്കാട് എന്നിവരെ സെക്രട്ടറിമാരായും, അരികോത്ത് രാജനെ (കോഴിക്കോട്) ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.