ശമ്പളം ലഭിച്ചില്ല; കോട്ടണ്‍മില്‍ തൊഴിലാളികള്‍ ഇന്നു മുതല്‍ വീണ്ടും സമരത്തിലേക്ക്

Tuesday 23 August 2016 10:13 am IST

കോഴിക്കോട്: ഒത്തുതീര്‍പ്പ് പാലിച്ചില്ല; ശമ്പളം ലഭിക്കാത്തതിനാല്‍ തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തൊഴിലാളികള്‍ ഇന്നു മുതല്‍ വീണ്ടും സമരത്തില്‍. ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്ന് ഇന്നലെ ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കിയത്. 22ന് ശമ്പളം നല്‍കുമെന്ന് നോട്ടീസും നല്‍കിയിരുന്നു. ഇന്നലെ തൊഴിലാളികളോട് കമ്പനി അധികൃതര്‍ പറഞ്ഞത് ശമ്പളം നല്‍കാന്‍ പണം എത്തിയില്ലെന്നാണ്. ഇതിനെതുടര്‍ന്നാണ് ഇന്നു മുതല്‍ കമ്പനിയില്‍ ഹാജരായി പണിയെടുക്കാതെ സമരം ചെയ്യാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഏഴര മുതല്‍ തൊഴിലെടുക്കാതെയുള്ള സമരം തുടങ്ങും. ആഗസ്റ്റ് 10 ന് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനി മാനേജരെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം, ചെങ്ങന്നൂര്‍, എടരിക്കോട് എന്നിവിടങ്ങളിലെ ജനറല്‍ മാനേജര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ ചുമതലയുള്ള കൈത്തറി ഡയറക്ടര്‍ കെ. സുധീര്‍, എം. ഡി. ഗണേശന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച യിലാണ് ശമ്പളം നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതിനാല്‍ ഇന്നു മുതല്‍ സമരം പുനരാരംഭിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.