മലബാര്‍ഗോള്‍ഡിനെതിരെ ആസൂത്രിത നീക്കമെന്ന്

Tuesday 23 August 2016 10:31 am IST

കൊച്ചി: തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി മലബാര്‍ഗോള്‍ഡ്‌ & ഡയമണ്ട്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ആഗോള തലത്തില്‍ വിശ്വാസ്യത നേടിയ ഈ ബ്രാന്റിനെതിരെയുള്ള കുല്‍സിത പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ കമ്പനി തങ്ങളുടെ ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതു ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാന്റെ ദേശീയ പതാക ആലേഖനം ചെയ്‌ത കേക്ക്‌ മുറിച്ച്‌ മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സ്‌ പാക്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്നാണ്‌ സോഷ്യല്‍മീഡിയകള്‍ പ്രചരിക്കുന്ന വ്യാജ ചിത്രം പറയുന്നത്‌. മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുള്ള ഒരു മണി എക്‌സേഞ്ച്‌ കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ്‌ മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്‌. പ്രസ്‌തുത കമ്പനിയുടെ ലോഗോ ചിത്രത്തില്‍ വ്യക്തമായി കാണുകയും ചെയ്യാം. സത്യം ഇതായിരിക്കെ, ഈ ചിത്രവും മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സിന്റെ പേരുംചേര്‍ത്ത്‌ അസത്യ പ്രചരണം നടത്തുന്നത്‌ തികച്ചും ആക്ഷേപാര്‍ഹമാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെ ചില പ്രാദേശിക സംഘങ്ങള്‍ ഈ ചിത്രം കണ്ട്‌ മലബാര്‍ഗോള്‍ഡ്‌ & ഡയമണ്ട്‌സിനെതിരായി പ്രക്ഷോഭത്തിനു മുതിരുകയുമുണ്ടായി. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക്‌ മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ മലബാര്‍ഗോള്‍ഡ്‌ & ഡയമണ്ട്‌സ്‌ അധികൃതര്‍ അറിയിച്ചു. മലബാര്‍ഗോള്‍ഡ്‌ & ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ചിലര്‍ ബിസിനസ്‌ ശത്രുത മൂലം നടത്തിയ ഗൂഢലോചനയുടെ ഫലമാണിതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. --

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.