തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പിരിച്ചു വിടണം: ഒബിസി മോര്‍ച്ച

Tuesday 23 August 2016 10:27 am IST

മലപ്പുറം: ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ നാമധേയത്തില്‍ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് ഒബിസി മോര്‍ച്ച ആരോപിച്ചു. എഴുത്തച്ഛന്‍ ജനിച്ചു വളര്‍ന്ന ചക്കാല സമുദായത്തിന് ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കൊണ്ട് യാതൊരു തരത്തിലുമുള്ള ഗുണമോ പരിഗണനയോ ലഭിക്കുന്നില്ല. മൂന്ന് ഏക്കറോളം വരുന്ന സ്ഥലവും മന്ദിരവും ചില സങ്കുചിത താല്‍പ്പര്യക്കാര്‍ ട്രസ്റ്റിന്റെ പേരില്‍ കൈവശം വെച്ചിരിക്കുകയാണ്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ചക്കാല സമുദായത്തിന് പ്രയോജനം ഉണ്ടാക്കുന്നതിന് നിലവിലുള്ള ട്രസ്റ്റിന് കഴിയുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള ഭാഷക്ക് നല്‍കിയ സേവനങ്ങള്‍ കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പോലും ട്രസ്റ്റിന് കഴിയുന്നില്ല. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുഞ്ചന്‍പറമ്പ് അഗ്നിക്ക് ഇരയാക്കിയ സാഹചര്യവും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ദ്രോഹികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും ട്രസ്റ്റ് പിരിച്ചുവിടണമെന്നും ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, ബിജെപി.ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.സജീഷ് സ്വാഗതവും ടി.ശിവദാസന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.