നിലയ്ക്കാത്ത ഇടിമുഴക്കം

Wednesday 24 August 2016 5:11 pm IST

1970 കളുടെ മധ്യത്തിലെന്നോ നിറഞ്ഞു പുഞ്ചിരിക്കുന്ന ഒരു മധ്യവേനല്‍ സായാഹ്നത്തില്‍, കോട്ടയം ട്രാവന്‍കൂര്‍ സിമന്റസിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് ഒരിടിമുഴക്കം പോലെ എന്തോ ഒന്നുകേട്ടു. അതുകേട്ടിറങ്ങിവന്നപ്പോള്‍, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പുള്ള ഭീമന്‍ യന്ത്രക്കുതിര മുന്നില്‍. അതില്‍ നിന്നിറങ്ങിയ ആജാനബാഹുവിന്റെ മുമ്പിലേക്ക് ഉള്ളുലഞ്ഞ ജിജ്ഞാസയുമായി ഓടിവന്ന അഞ്ചു വയസ്സുകാരന്‍ ചോദിച്ചു, 'അച്ഛ ഇതേതാ വണ്ടി'. ബലിഷ്ഠമായ കരങ്ങളില്‍ അവനെ കോരിയെടുത്ത് അയാളെന്തോ നീണ്ട വാക്ക് പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് എന്നൊന്നും കേട്ടാല്‍ മനസ്സിലാക്കാന്‍ അവനു കഴിഞ്ഞില്ലെങ്കിലും, അതിലെ ഒരു വാക്ക് അവന്റെ കുഞ്ഞുമനസ്സിലേക്ക് തറഞ്ഞുകയറി-ബുള്ളറ്റ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പാരിജാതങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ പറപറന്ന ആ യന്ത്രക്കുതിരയില്‍ അച്ഛനെ അള്ളിപ്പിടിച്ചിരിക്കുമ്പോള്‍, ആ മനുഷ്യന്‍ അവനോടു പറഞ്ഞു. 'ഇത് നമ്മുടെ വണ്ടിയല്ല. പക്ഷെ നീ ഒരണ്ണം വാങ്ങണം. എന്നിട്ട് അച്ഛനെ ഇതുപോലെ കൊണ്ടുപോകണം'. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ അമ്പരപ്പുകളിലേക്ക് ആ എട്ടുവയസ്സുകാരനെ തനിച്ചാക്കി അച്ഛന്‍ വിടപറഞ്ഞു. പക്ഷെ ആ മധ്യവേനല്‍ സായന്തനം നല്‍കിയ കോരിത്തരിപ്പിന്റെ ഇടിമുഴക്കം ഒരിക്കലുമവനെ വിട്ടുപോയില്ല. എഴുപതുകളിലെ മനോഹരമായ ഒരു നേര്‍ക്കാഴ്ചയാണിത്. 1851 ലാണ് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ തയ്യല്‍ സൂചികള്‍ നിര്‍മ്മിക്കാനുള്ള ഒരു ചെറിയ ഫാക്ടറി, ജോര്‍ജ് ടോണ്‍സെന്‍ഡ് ആരംഭിക്കുന്നത്. 1880 കളായപ്പോഴേക്കും അവിടെനിന്ന് സൈക്കിള്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് പൂര്‍ണമായ ഒരു സൈക്കിള്‍ കമ്പനിയാകാന്‍ അധികം താമസമുണ്ടായില്ല 1893 എന്‍ഫീല്‍ഡ് മാനുഫാക്ചറിങ് കമ്പനി എന്ന പേരില്‍, സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അവര്‍ നിര്‍മ്മിച്ച സൈക്കിളിന്റെ പേരാണ്, പിന്നീട് ലോകത്തിലെ ഏറ്റവും രാജകീയ ബ്രാന്‍ഡുകളിലൊന്നായി മാറിയത്, റോയല്‍ എന്‍ഫീല്‍ഡ്. മൂന്നു ചക്രങ്ങളിലും നാലുചക്രങ്ങളിലുമോടുന്ന പലതരം സൈക്കിളുകള്‍ക്ക് ശേഷമാണ് മിനിര്‍വ എഞ്ചിന്‍ ഘടിപ്പിച്ച അവരുടെ ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങിയത്, 1901 ല്‍. ങമറല ഹശസല മ ഴൗി, ഴീല െഹശസല മ യൗഹഹല േ എന്ന പ്രസിദ്ധമായ പരസ്യവാചകത്തിലെ ബുള്ളറ്റ് എന്ന വാക്ക് പില്‍ക്കാലത്ത് ബൈക്ക് പ്രേമികള്‍ ഹൃദയത്തിലേക്കാവാഹിച്ചു. യുദ്ധങ്ങള്‍, മാനവചരിത്രത്തിലെ മഹാദുരന്തങ്ങള്‍ തന്നെയാണ്. പക്ഷെ മാനവപുരോഗതിയില്‍ യുദ്ധങ്ങള്‍ വഹിച്ച പങ്കും അപാരമാണ്. ഒന്നാം ലോകമഹായുദ്ധമാണ് റോയല്‍ എന്‍ഫീല്‍ഡിനെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റിയത് എന്നതിന് സംശയമില്ല. പരമ്പരാഗതമായ യുദ്ധങ്ങളില്‍ നിന്ന് വിഭിന്നമായി , ആദ്യമായി അന്ന് യന്ത്രത്തോക്കുകളും വിമാനങ്ങളും തീ തുപ്പി. സൈന്യത്തിന്റെ അംഗബലത്തോടും മനോവീര്യത്തോടുമൊപ്പം സാങ്കേതികവിദ്യകളും നിര്‍ണായക പങ്കുവഹിച്ചു. കാലാള്‍പ്പടയുടെ പെട്ടന്നുള്ള നീക്കത്തിനുവേണ്ടി കരുത്തും വേഗതയുമുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് വന്‍ ഡിമാന്‍ണ്ടാണുണ്ടായത്. അങ്ങനെ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച 225 സിസിയുടെയും 425സിസി യുടെയും ബുള്ളറ്റുകള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ നട്ടെല്ലായി. ഇന്നലത്തെ മഴയ്ക്ക് മുളച്ചതുപോലുള്ള ഹാര്‍ലി , ബുഗാട്ടി പ്രേമികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ 1921 ല്‍ തന്നെ 925 സിസി കരുത്തുള്ള ബുള്ളറ്റുകള്‍ രാജകീയ പ്രൗഢിയോടെ കുതിച്ച് പാഞ്ഞിരുന്ന ചിത്രം. ഒന്നാം ലോകമഹായുദ്ധം ബുള്ളറ്റിനെ രാജാവാക്കിയെങ്കില്‍, രണ്ടാം ലോകയുദ്ധം റോയല്‍ എന്‍ഫീല്‍ഡിനെ ശരിക്കും മോട്ടോര്‍ സൈക്കിളുകളുടെ ചക്രവര്‍ത്തിയാക്കി. സാങ്കേതികമായി ഒരുപാട് മുന്നിലായിരുന്ന ജര്‍മ്മന്‍ സേനയെ വരിഞ്ഞു കെട്ടാന്‍ , മിന്നല്‍ വേഗത്തിലുള്ള നീക്കങ്ങളോടെ സഖ്യസേനയെ ഏറ്റവും സഹായിച്ചത് ബുള്ളറ്റുകളാണ്. ശത്രുമേഖലയുടെ ഉള്‍പ്രദേശങ്ങളില്‍ സൈനികരോടൊപ്പം ബുള്ളറ്റുകളും എയര്‍ഡ്രോപ്പ് ചെയ്യപ്പെട്ടു. മണ്ണിലിറങ്ങിയ സൈനികര്‍, ശത്രു അറിഞ്ഞുവരുന്നതിനു മുമ്പ് മിന്നല്‍ വേഗത്തില്‍ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു. അന്ന് കരസേനയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് റോയല്‍ എന്‍ഫീല്‍ഡ് വഹിച്ചത്. നാല്‍പതുകളുടെ രണ്ടാം പകുതി മുതല്‍ തന്നെ 350 സിസി ബുള്ളറ്റുകള്‍ ഭാരതത്തിന്റെ നിരത്തുകളിലൂടെയും ഓടിത്തുടങ്ങിയിരുന്നു. ലോകമഹായുദ്ധങ്ങളിലെ സേവനത്തിന്റെ പ്രതിച്ഛായയുമായി കടല്‍ കടന്നെത്തിയ കരുത്തനെ അത്ഭുതാദരങ്ങളോടെയാണ് ഇവിടുത്തെ ജനത സ്വീകരിച്ചത്. പോലീസ്, സൈനിക ആവശ്യങ്ങള്‍ക്ക് പറ്റിയ മോട്ടോര്‍ സൈക്കിള്‍ അന്വേഷിച്ച് നടന്ന സൈനിക വിദഗ്ദ്ധരും ചെന്നെത്തിയത് ഈ യുദ്ധവീരനില്‍ തന്നെ. അങ്ങനെ ആയിരത്തോളം ബുള്ളറ്റുകള്‍ കടല്‍ കടന്നെത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കമ്പനിക്കു കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആയിരുന്നു ഇത്. അന്നുതൊട്ടിന്നോളം ബുള്ളറ്റ് നമ്മുടെ വിശ്വസ്ത പടയാളിയാണ്. ഭാരതത്തില്‍ ഡിമാന്‍ഡ് കൂടാന്‍ തുടങ്ങിയപ്പോള്‍, 1955 ല്‍ സ്ഥാപിക്കപ്പെട്ട മദ്രാസ് പ്ലാന്റില്‍ നിന്നും ബുള്ളറ്റുകള്‍ കുതിക്കാന്‍ തുടങ്ങി. യുദ്ധാനന്തരം, ബ്രിട്ടണ്‍ നേരിട്ട സാമ്പത്തിക തകര്‍ച്ച കമ്പനിയെയും ബാധിച്ചു തുടങ്ങി. ആ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. അങ്ങനെ 1968 ല്‍ കമ്പനി പാപ്പരായി. അപ്പോഴേക്കും സാങ്കേതികവിദ്യയും ബ്രാന്‍ഡ് നെയിമും സ്വന്തമാക്കി എന്‍ഫീല്‍ഡ് ഇന്ത്യ, ഭാരതത്തില്‍ വന്‍കുതിപ്പ് തുടരുകയായിരുന്നു. അങ്ങനെ ബ്രിട്ടീഷ് കരുത്തിന്റെ അടയാളമായിരുന്ന ലോകോത്തര ബ്രാന്‍ഡ് ഭാരതത്തിനു സ്വന്തമായി. മസില്‍ വിരിച്ചുനില്‍ക്കുന്ന ഒരു ബോക്‌സറുടെ ഭാവമുള്ള , ഓരോ അണുവിലും പൗരുഷം തുളുമ്പുന്ന ബുള്ളറ്റ് കേവലം മോട്ടോര്‍ സൈക്കിള്‍ എന്നതിലുപരിയായി ഒരു ഐക്കണ്‍ തന്നെയാവുന്നതിന് പില്‍ക്കാലം സാക്ഷിയായി. ബുള്ളറ്റില്‍ പാഞ്ഞുനടക്കാത്ത ഒരു ഹീറോയും വില്ലനും ഇന്ത്യന്‍ സിനിമയിലില്ല. പല സിനിമകളിലും ബുള്ളറ്റ് കഥാപാത്രം തന്നെയായി. പിന്‍ഗാമി സിനിമയില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ബുള്ളറ്റ് മലയാള ചലച്ചിത്ര രംഗത്തെ ഒരു അവിസ്മരണീയ ബിംബമാണ്. സാധാരണക്കാരന് ബജാജ് ചേതക് .സാമ്പത്തിക സ്ഥിതി കുറച്ചുകൂടുതലുള്ളവര്‍ക്ക് ബുള്ളറ്റ് അതായിരുന്നു ഒരുകാലത്തെ രീതി. കുറഞ്ഞ മൈലേജ് , കൂടിയ മെയിന്റനന്‍സ്, സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് , തലതിരിഞ്ഞ ബ്രെയ്ക് ഗിയറുകള്‍ ...പക്ഷെ ഇവയൊന്നും ബുള്ളറ്റിന്റെ പ്രതാപത്തിന് തടസ്സമായില്ലെന്ന് മാത്രമല്ല , വ്യത്യസ്ഥതയാവുകയും ചെയ്തു. കയറിയിരുന്ന് , ആംപിയര്‍ അഡ്ജസ്റ്റ് ചെയ്ത്, ചെറുതായി ഗിയര്‍ ലിവര്‍ പമ്പ് ചെയ്യുമ്പോള്‍ പതിഞ്ഞ ഇടിമുഴക്കത്തോടെ സ്റ്റാര്‍ട്ടാകുന്ന യന്ത്രക്കുതിര അതുപയോഗിക്കാത്തവര്‍ക്ക് എന്നും ഒരത്ഭുതക്കാഴ്ചയാണ്. ഉടമകള്‍ക്ക് പ്രതാപവും. 1980 കളുടെ മധ്യത്തോടെ, യുവമനസ്സുകളെ കീഴടക്കി ഭാരതത്തിന്റെ നിരത്തുകളില്‍ ചീറിപ്പായാന്‍ തുടങ്ങിയ 100 സിസി ബൈക്കുകള്‍ ബുള്ളറ്റിന്റെ കുതിപ്പിന് തടയിട്ടു. കുറഞ്ഞ വില, കൂടിയ മൈലേജ് , ലളിതമായ ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങളിലൂടെ മധ്യവര്‍ഗ്ഗത്തിന്റെ മനസ്സില്‍ ചേക്കേറാന്‍ ഈ പൈങ്കിളി വണ്ടികള്‍ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. എങ്കിലും ബുള്ളറ്റിനുമാത്രമായി വിപണി ഇവിടെയുണ്ടായിരുന്നു. ബുള്ളറ്റോടിച്ച് ശീലിച്ചവര്‍ക്ക് 100 സിസി വണ്ടികള്‍ ചിന്തിക്കാന്‍ പോലുമാവില്ല. എങ്കിലും ന്യൂനപക്ഷത്തെ മാത്രം ആശ്രയിച്ച് കമ്പനിക്ക് നിലനില്‍ക്കാനാവില്ലല്ലോ. മുന്‍ഗാമിയുടെ അതെ വഴിയില്‍ എന്‍ഫീല്‍ഡ് ഇന്ത്യയും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. പക്ഷേ അങ്ങനെ അകാല ചരമമടയാനായിരുന്നില്ല ഈ രാജപ്രതാപത്തിന്റെ വിധി. ബുള്ളറ്റ് പ്രേമിയായ സിദ്ധാര്‍ഥ്‌ലാലിന്റെ നേതൃത്വത്തിലുള്ള ഐഷര്‍ കമ്പനി 1996 ല്‍ എന്‍ഫീല്‍ഡിനെ ഏറ്റെടുത്തതോടെ ജനലക്ഷങ്ങളുടെ ഈ പ്രിയബ്രാന്‍ഡിന്റെ ചരിത്രം വഴിമാറിയൊഴുകാന്‍ തുടങ്ങി. എന്‍ഫീല്‍ഡ് ഏറ്റവും കടുംപിടുത്തം നടത്തിയിരുന്ന ചില അടിസ്ഥാന സാങ്കേതിക കാര്യങ്ങള്‍ സിദ്ധാര്‍ഥ് ലാല്‍ മാറ്റിമറിച്ചു. ഗിയറുകളും ബ്രെയ്ക്കുകളും സാധാരണ ബൈക്കുകളുടേതുപോലായി. ക്രാന്‍ക് വെയ്റ്റ് കുറച്ചു , പുതിയ അലുമിനിയം എഞ്ചിന്റെ ടോര്‍ക്ക് കൂട്ടുകയും , ഗിയര്‍ ബോക്‌സ് അസംബ്ലി എഞ്ചിനുമായി കൂടുതല്‍ ഇഴുകിച്ചെരുകയും ചെയ്തതോടെ 25-30 കിലോമീറ്റര്‍ കിട്ടിക്കൊണ്ടിരുന്ന മൈലേജ് 40-45 കിലോമീറ്ററിലെത്തി. സെല്‍ഫ് സ്റ്റാര്‍ട്ട് കൂടി വന്നപ്പോള്‍ , ബുള്ളറ്റില്‍ നിന്നും സാധാരണക്കാരനെ അകറ്റിനിര്‍ത്തിയിരുന്ന സ്റ്റാര്‍ട്ടിങ് ആംപിയര്‍ എന്ന കീറാമുട്ടി കൂടി ഒഴിവായി. വീതികൂടിയ ടയറുകള്‍ , ഡിസ്‌ക് ബ്രെയ്ക്കുകള്‍ എന്നിവയും സ്ഥാനം പിടിച്ചു. 350 സിസി ബുള്ളറ്റ് കൂടാതെ, ഇലക്ട്ര , തണ്ടര്‍ബേഡ്...ഇതെല്ലാം 500 സിസിയിലും ഇറങ്ങി .ഇത്രയൊക്കെ ചെയ്തെങ്കിലും ബുള്ളറ്റിന്റെ ഗംഭീരഭാവത്തിനോ ഇടിമുഴക്കം പോലെയുള്ള എഞ്ചിന്‍ ശബ്ദത്തിനോ ഒരു മാറ്റവുമുണ്ടായില്ല. അതോടെ നഷ്ടപ്രതാപം മുഴുവന്‍ തിരിച്ചുപിടിച്ച ഈ പടക്കുതിരയുടെ അലര്‍ച്ച വീണ്ടും നിരത്തുകളെ കിടിലം കൊള്ളിക്കാന്‍ തുടങ്ങി. വണ്ടിയെപ്പറ്റി ചിന്തിക്കുമ്പോഴേക്കും സാധനം പോര്‍ച്ചിലെത്തുന്ന ഈ കാലത്തും , ബുക്ക് ചെയ്ത് ആറേഴ് മാസങ്ങള്‍ കാത്തിരിക്കാന്‍ ആര്‍ക്കും വിഷമമില്ലാത്ത അവസ്ഥ. അതാണ് ഈ റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡിന്റെ വിജയം. ചരിത്രവഴികളിലൂടെ 1857ല്‍ റോബര്‍ട്ട് വാള്‍ക്കര്‍ സ്മിത്ത് (ആര്‍.ഡബ്ല്യു. സ്മിത്ത്) ജനിച്ചു. വോള്‍വര്‍ഹാംടണ്‍ സ്‌കൂളില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസം റൂഡ്ജ് സൈക്കിള്‍ കമ്പനിയില്‍ 9 വര്‍ഷം ജോലി. സുഹൃത്തായ ആല്‍ബര്‍ട്ട് എഡ്ഡിയുടെ കൂടെചേര്‍ന്ന് എന്‍ഫീല്‍ഡ് കമ്പനി രൂപീകരിച്ചു 1933 ഫെബ്രുവരിയില്‍ മരിച്ചു, ആല്‍ബര്‍ട്ട് എഡ്ഡി പെറി സൈക്കിള്‍ കമ്പനിയുടെ മാനേജരായി. പിന്നീട് സുഹൃത്തായ സ്മിത്തിന്റെ കൂടെചേര്‍ന്ന് എന്‍ഫീല്‍ഡ് കമ്പനി രൂപീകരിച്ചു 1891ല്‍ കമ്പനി ആരംഭിച്ചു തോക്കുകളുടെ ഭാഗങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയായി ആരംഭം 1893 റോയല്‍ എന്ന പേര് വന്നത് ദ റോയല്‍ സ്‌മോള്‍ ആംമ്‌സ് കമ്പനി അവരുടെ തലവാചകമായ മേഡ് ലൈക്ക് എ ഗണ്‍ എന്നത് അതില്‍ നിന്നും ഉണ്ടായതാണ്. 1898 ഖ്വാര്‍ഡ്‌റൈസൈക്കിള്‍ മോഡലില്‍ ആദ്യം പുറത്തിറക്കി. നാല് ചക്രങ്ങളുള്ള മോഡലാണിത്. 1900 മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ഇനത്തില്‍പെട്ട പുതിയ ബൈക്ക് പുറത്തിറക്കി 1901 ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. മുന്‍ ടയറിന് തൊട്ട് മുകളിലായി ഘടിപ്പിച്ച എഞ്ചിനില്‍ നിന്നും പുറകിലത്തെ ചക്രത്തിലേക്ക് പിടിപ്പിച്ച ബെല്‍റ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതായിരുന്നു ഇത്. 1904മുന്‍ചക്രത്തിന് മുകളില്‍ ഘടിപ്പിച്ച എഞ്ചിന് കൃത്യമായ ഫ്രെയിമില്‍ നിര്‍ത്താന്‍ സാധിച്ചതായിരുന്നു തൊട്ടുപുറകേ വന്ന മോഡല്‍. ഇത്തരത്തില്‍ രൂപഘടന മാറ്റിയതോടെ ബൈക്കിന്റെ ഗണത്തിലേക്ക് റോയല്‍ എന്‍ഫീല്‍ഡും ഉയര്‍ന്നു. 1916ആദ്യ ലോകമഹായുദ്ധത്തിന് പാകത്തിന് മെഷിന്‍ ഗണ്‍ ഘടിപ്പിച്ച ബൈക്കുകള്‍ പുറത്തിറക്കി 1924 4 സ്‌ട്രോക്ക് എഞ്ചിനുള്ള 350സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. 1926 225 സിസിയുടെ സ്ത്രീകള്‍ക്കായുള്ള മോഡല്‍ പുറത്തിറക്കി 1929 കാലുകളില്‍ പ്രവര്‍ത്തിക്കുന്ന ഗിയറുള്ള മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി 1930 ഗ്രീസും ഓയിലും അടക്കമുള്ള ഉപയോഗിച്ച് അയവ് വരുത്തുന്ന 500 സിസി പുറത്തിറക്കി 1931 ഭാരം കുറഞ്ഞ സൈക്കിള്‍ വിപണിയിലിറക്കി 1932 സമ്പൂര്‍ണ്ണ ബുള്ളറ്റ് വിപണിയില്‍ ബുള്ളറ്റ് 350 എന്നായിരുന്നു പേര് 1933 മേജര്‍ ഫ്രാങ്ക് കമ്പനി ഏറ്റെടുത്തു 1940 രണ്ടാം ലോക മഹായുദ്ധത്തില്‍ ഏറ്റവും ഭാരം കുറഞ്ഞവ എയര്‍ബോണ്‍ എന്ന മോഡല്‍ പുറത്തിറക്കി. കൈകള്‍ കൊണ്ട് ഉയര്‍ത്താവുന്ന തരത്തിലുള്ളവയായിരുന്നു അവ. യുദ്ധത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റുകളും വിപണിയില്‍ 1953 പെട്രോള്‍ ടാങ്കില്‍ മെറ്റലില്‍ എഴുതിയ റോയല്‍ എന്‍ഫീല്‍ഡ് ലോഗോ വന്നു 1954 നവീകരിച്ച ഹെഡ്‌ലൈറ്റുകള്‍ കൊണ്ടുവന്നു 1955 ഭാരതത്തില്‍ ബുള്ളറ്റ് നിര്‍മ്മാണം ആരംഭിച്ചു. ഭാരതത്തില്‍ എന്ന പേരില്‍ യുഎസില്‍ ബുള്ളറ്റിന്റെ പുതിയ മോഡല്‍ ഇറങ്ങി 1956 ചെന്നൈയിലെ തിരുവട്ടിയൂറില്‍ 2.96 ഏക്കറില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ വര്‍ഷം നിര്‍മ്മിച്ചത് 166 350സിസി ബുള്ളറ്റ് 1962 ഭാരതത്തിന് വേണ്ടി 150സിസി സ്‌കൂട്ടര്‍ വിപണിയിലിറക്കി 1963 ലണ്ടനില്‍ കോണ്ടിനെന്റല്‍ ജിറ്റി പുറത്തിറക്കി ഭാരതത്തില്‍ 175 സിസിയുടെ ഷെര്‍പ്പ പുറത്തിറക്കി 1966 റെഡിച്ചിലെ ഫാക്ടറി അടച്ച് പൂട്ടി. ഭാരതത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1969 അവസാന റിക്മാന്‍ ഇന്റര്‍സെപ്റ്റര്‍ പുറത്തിറങ്ങി 1970 ലണ്ടനിലുള്ള കമ്പനിയുടെ എല്ലാ കടകളും അടച്ചുപൂട്ടി 1984 ഭാരതത്തില്‍ നിന്നും ലണ്ടനിലേക്ക് ബുള്ളറ്റുകള്‍ കയറ്റി അയക്കാന്‍ തുടങ്ങി 1988 സുന്ദാപുമായി ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ചു 1990 ആദ്യ ഡീസല്‍ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി 1993 ഭാരതത്തില്‍ ആദ്യ 500 സിസി ബുള്ളറ്റ് വിപണിയില്‍ 1994 എന്‍ഫീല്‍ഡ് ഇന്ത്യ കമ്പനി ഐഛര്‍ ഗ്രൂപ്പ് ഏറ്റെടുത്തശേഷം പേര് വീണ്ടും റോയല്‍ എന്‍ഫീല്‍ഡ് എന്നുതന്നെയാക്കി 1996 535 സിസി ലൈറ്റനിങ് ഭാരതത്തില്‍ വിപണിയിലിറക്കി 1997 40 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലായി ദല്‍ഹി മുതല്‍ ഖര്‍ദുംഗല വരെ യാത്ര നടത്തി. ഹിമാലയന്‍ ഒഡീസി എന്ന പുതിയ മോഡലിന്റെ ജനനത്തിന് ഈ യാത്ര കാരണമായി 1998 മാക്‌സിമോ എന്ന പുതിയ മോഡല്‍ പുറത്തിറക്കി 2000 ഇന്റര്‍നെറ്റിന്റെ കടന്നു വരവ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് റോയല്‍എന്‍ഫീല്‍ഡ് ഡോക് കോം എന്ന വെബ് സൈറ്റ് ആരംഭിച്ചു. റൈഡര്‍മാര്‍ക്കും ആരാധകര്‍ക്കും കഥകള്‍ പരസ്പരം പങ്കുവയ്ക്കാവുന്ന തരത്തിലായിരുന്നു സൈറ്റ് നിര്‍മ്മിച്ചത്. 2011 ചെന്നൈക്കടുത്ത് 50 ഏക്കര്‍ പ്രദേശത്ത് പുതിയ പ്ലാന്റിനായുള്ള നിര്‍മ്മാണം ആരംഭിച്ചു. 2012 തണ്ടര്‍ബേഡ് 500 അവതരിപ്പിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോണ്‍ഡിനെന്റല്‍ ജിടി, ഹിമാലയന്‍ എന്നീ പുതിയ വെര്‍ഷനുകള്‍ പുറത്തിറക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.