അതിര്‍ത്തിയിലെ സൈനിക വിന്യാസം; ചൈനയ്ക്ക് ഭാരതത്തിന്റെ മറുപടി

Wednesday 24 August 2016 12:02 pm IST

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ ബ്രഹ്മോസ് മിസൈല്‍ വിന്യസിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ ചൈനയ്ക്ക് ഭാരതത്തിന്റെ ചുട്ട മറുപടി. ബ്രഹ്മോസ് മിസൈല്‍ വിന്യസിക്കുന്നത് വഴി മറ്റുള്ളവര്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ സൈന്യവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ ചോദിച്ചു. ഞങ്ങളുടെ ഭീക്ഷണി സങ്കല്‍പ്പങ്ങളും സുരക്ഷാ ആശങ്കകളും ഞങ്ങളുടെ മാത്രമാണ്, സുക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഞങ്ങളുടെ പ്രദേശത്ത് അത്തരം വിന്യാസങ്ങള്‍ നടത്തുന്നതിന് മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അത്തരം ആശങ്കകള്‍ പരിഗണിക്കുന്നില്ലെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഭാരതം ബ്രഹ്മോസ് മിസൈല്‍ വിന്യസിച്ചതിനെതിരെ മുന്നറിയിപ്പുമായി ചൈന രംഗത്ത് വന്നിരുന്നു. ഭാരതത്തിന്റെ ഇത്തരം നടപടികള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ യോഗമാണ് മിസൈല്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ ഭാരതവും ചൈനയും തമ്മില്‍ ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയ പ്രദേശമാണ് അരുണാചല്‍ പ്രദേശ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ ഭാരതം വന്‍ തോതിലുള്ള സൈനിക വിന്യാസം നടത്തുന്നത്. പ്രദേശത്ത് ചൈനീസ് കടന്നുകയറ്റമുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മൂന്ന് റെജിമെന്റ് സൈന്യത്തെയും ഭാരതം ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് ബ്രഹ്മോസ് മിസൈലുകളും ഇവിടെ ഭാരതം സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസിന്റെ പുതിയ പതിപ്പാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.