ന്യൂസിയം എന്നാല്‍

Tuesday 23 August 2016 11:44 pm IST

വാഷിങ്ടണില്‍ 2013 ല്‍ നടന്ന കേരള ഹിന്ദൂസ് ഓഫ്‌നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍നില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ് ന്യൂസിയം കണ്ടത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചറേയും ഈ ലേഖകനേയും അവിടേക്ക് കൂട്ടികൊണ്ടുപോയത് കണ്‍വന്‍ഷന്റെ മുഖ്യ സംഘാടകരിലൊരാളായ രതീഷ് നായരാണ്. വൈറ്റ്ഹൗസിനും ക്യാപിറ്റോളിനും ഇടയില്‍ വാഷിങ്ടണ്‍ ഡിസിയുടെ പ്രധാന വീഥിയായ പെന്‍സില്‍വാനിയ അവന്യൂവില്‍ നെടുനീളത്തിലുള്ള വലിയ കെട്ടിടത്തില്‍ എഴുതിവച്ചിരിക്കുന്നത് കണ്ട് സംശയിച്ചു, Newseum. സ്‌പെല്ലിങ് തെറ്റിയതല്ല. ന്യൂസിന്റെ മ്യൂസിയത്തിന് അമേരിക്ക നല്‍കിയ പേരാണത്. രണ്ടരലക്ഷം ചതുരശ്ര അടിയുള്ള ഈ മ്യൂസിയത്തില്‍ ചെന്നാല്‍ അഞ്ചു നൂറ്റാണ്ടിന്റെ മാധ്യമ ചരിത്രം മുഴുവനും മനസ്സിലാക്കി മടങ്ങാന്‍ കഴിയും. അമേരിക്കയിലിറങ്ങുന്ന ദേശീയവും പ്രാദേശികവുമായ എല്ലാ പത്രങ്ങളും ഇവിടെ അന്നന്ന് പ്രദര്‍ശിപ്പിക്കുന്നു. അതത് സമയത്തെ വാര്‍ത്തകള്‍ അപ്പപ്പോള്‍ വലിയ പ്രദര്‍ശന സ്‌ക്രീനില്‍ മിന്നിമറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഒഴിച്ചുകൂടാനാകാത്ത കാഴ്ച. പത്രസ്വാതന്ത്ര്യത്തിന്റെ ആവശ്യകത അറിയിക്കുന്ന പ്രദര്‍ശനമുറി. ഇടനാഴികളുടെ ചുമരുകളെല്ലാം പ്രദര്‍ശനസ്ഥലങ്ങള്‍. അഞ്ഞൂറാണ്ട് മുമ്പുമുതലുള്ള 35,000 വര്‍ത്തമാനപ്പത്രങ്ങളുടെ ഒന്നാം പേജുകള്‍ പവിത്രമായ ചരിത്രസ്മാരകങ്ങളായി സൂക്ഷിച്ചിരിക്കുന്നു. വിവാദങ്ങളുടെ ചരിത്രം അതതുകാലത്തെ പത്രമാസികകളിലൂടെ വായിച്ചറിയാം. നൂറുകണക്കിന് വിശ്വപ്രസിദ്ധ കാര്‍ട്ടൂണുകള്‍. പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഫൊട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങള്‍ മാത്രമുള്ള ഗാലറി. 'ഗ്രേറ്റ് ഹാളെ'ന്ന കൂറ്റന്‍ മുറി, വാര്‍ത്തയുടെ മയാപ്രപഞ്ചം. നടുവില്‍ വന്‍ചാനലുകള്‍ വാര്‍ത്താശേഖരണത്തിനുപയോഗിക്കുന്ന ഹെലിക്കോപ്റ്ററുകളിലൊന്ന് തൂങ്ങിക്കിടക്കുന്നു. ശീതയുദ്ധത്തിന്റെ പ്രതീകമായ 'ബെര്‍ലിന്‍ മതിലി'ന്റെ കഷണങ്ങള്‍. സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സ്മാരകമാണ് ഒരു മുറി. മങ്ങിയവെളിച്ചമുള്ള പ്രദര്‍ശനമുറികളില്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ ചരിത്രമുറങ്ങുന്നു. വര്‍ണവിവേചനത്തിനെതിരായ സമരങ്ങളില്‍ പങ്കാളികളായ കോളജ് വിദ്യാര്‍ഥികളുടെ ചിത്രങ്ങളുണ്ട്. ഇരുണ്ട മുറിയിലെ ഏറ്റവും വെളിച്ചമുള്ളിടത്ത് ഒരു ജയിലഴിയുണ്ട്. പൗരാവകാശപ്പോരാളി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കിടന്ന ബര്‍മിങ്ങാമിലെ ജയില്‍ മുറിയുടെ അഴി. ഈ അഴിക്കുപിന്നിലിരുന്നാണ് അദ്ദേഹം 'ബര്‍മിങ്ങാമിലെ ജയിലില്‍ നിന്നുള്ള കത്തെ'ഴുതിയത്. വെളിച്ചം നിറഞ്ഞ ഒരു മുറി മുഴുവന്‍ മരിച്ചവര്‍ക്കുള്ളതാണ്. യുദ്ധഭൂമിയിലും അപകടകരമായ സാഹചര്യങ്ങളിലും വാര്‍ത്തതേടിയിറങ്ങി ജീവന്‍ നഷ്ടമായ ലേഖകര്‍ക്കും ഫൊട്ടോഗ്രഫര്‍മാര്‍ക്കും ഛായാഗ്രാഹകര്‍ക്കുമുള്ള സ്മാരകം.1837 മുതല്‍ അടുത്തകാലംവരെ ലോകമെമ്പാടും 'രക്തസാക്ഷികളായ' മൂവായിരത്തോളം പത്രക്കാരുടെ ചിത്രങ്ങളുണ്ട്; 'ജേണലിസ്റ്റ് മെമ്മോറിയല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ മുറിയുടെ ചുമരില്‍. അവിടെയുള്ള കമ്പ്യൂട്ടറുകളില്‍ ഓരോ ചിത്രത്തിലെയും നമ്പര്‍ നല്‍കിയാല്‍ അതിലെ വ്യക്തിയുടെ മുഴുവന്‍ ജീവചരിത്രവും അറിയാം. താലിബാന്‍ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊന്ന 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിന്റെ പാസ്‌പോര്‍ട്ടും പേനയും. മറ്റൊരു പത്രപ്രവര്‍ത്തകന്റെ ഹെല്‍മറ്റുമൊക്കെ കാണാം. പത്രങ്ങളുടെ ഒന്നാം പേജുകള്‍ അന്നന്നു പ്രദര്‍ശിപ്പിക്കുന്ന ഒരു ഹാള്‍. ദിവസം ലോകത്തിന്റെ വിവിധഭാഗങ്ങളിലിറങ്ങുന്ന പേജുകളാണ് വലിയ സ്‌ക്രീനില്‍ മിന്നിമറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട നൂറോളം എണ്ണം പ്രിന്റ് എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. 'യുഎസ്എ ടുഡേ' ദിനപ്പത്രത്തിന്റെ സ്ഥാപകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അലന്‍ ഹാരള്‍ഡ് അല്‍ ന്യൂഹാര്‍ത്തിന്റെ ആശയമായിരുന്നു ന്യൂസിയം. 1997 ഏപ്രിലില്‍ അതു യാഥാര്‍ഥ്യമായി. വാഷിങ്ടണ്‍ ഡിസിയുടെ മാറിലൂടെയൊഴുകുന്ന പെട്ടോമെക് നദിക്കപ്പുറം ആര്‍ലിങ്ടണിലായിരുന്നു 'ന്യൂസിയം' ആദ്യം. 2002 മാര്‍ച്ചില്‍ അത് പൂട്ടി. കൂടുതല്‍ വിപുലമായത് 2008 ഏപ്രില്‍ 11 ന് തുറന്നു. ന്യൂസിയം പ്രശസ്തനായ യുഎസ് ആര്‍ക്കിടെക്ട് ജെയിംസ് സ്റ്റ്യുവര്‍ട്ട് പോള്‍ഷെക്കാണ് രൂപകല്‍പന ചെയ്തത്. 3019 കോടി രൂപയായിരുന്നു ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.