സേവനത്തിലൂടെ മനുഷ്യനെ പൂജിക്കാം: മാര്‍ ക്രിസോസ്റ്റം

Tuesday 23 August 2016 11:38 pm IST

ബാലഗോകുലം ആലപ്പുഴ ജില്ലാസമിതി സംഘടിപ്പിച്ച ശ്രീകൃഷണസന്ധ്യയില്‍
ഡോ. ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത സംസാരിക്കുന്നു

ചേര്‍ത്തല: ശ്രീകൃഷ്ണന്റെ ജീവിതം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും, ഈ കാലഘട്ടത്തില്‍ ഇതിന് പ്രസക്തി ഏറെയാണെന്നും ഡോ. ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലം ആലപ്പുഴ ജില്ലാ സമിതി സംഘടിപ്പിച്ച ‘ശ്രീകൃഷ്ണസന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിസ്വാര്‍ത്ഥതയുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് നമുക്ക് വേണ്ടത്. ധനസമ്പാദനം മാത്രമാകരുത് നമ്മുടെ ലക്ഷ്യമെന്നും മറിച്ച് സേവനത്തിലൂടെ മനുഷ്യനെ പൂജിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരന്‍ മനുഷ്യരിലാണ് കുടികൊള്ളുന്നത്. ഈശ്വരവിശ്വാസവും, ഈശ്വര സാന്നിദ്ധ്യവും എവിടെയാണോ ഉള്ളത് അവിടെയാണ് മഹത്വമുള്ളതെന്നും മാര്‍ ക്രിസോസ്റ്റം കൂട്ടിച്ചേര്‍ത്തു. അമൃതാനന്ദമയീമഠത്തിലെ ബ്രഹ്മചാരി വേദാമൃതചൈതന്യ ഉദ്ഘാടനം ചെയ്തു.

ബാലഗോകുലം ജില്ലാ പ്രസിഡന്റ് രമേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. ബാലഗോകുലം പ്രവാസി കാര്യ സംയോജക് എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മാഷ്ടമി പുരസ്‌ക്കാരം നേടിയ ഡോ. അമ്പലപ്പുഴ ഗോപകുമാറിനെയും ആര്‍ട്ടിസ്റ്റ് വാര്യരെയും മെത്രാപ്പോലീത്ത ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ചേര്‍ത്തല നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.