തെരുവുനായ്ക്കള്‍ നിരത്തുകള്‍ കീഴടക്കി; നടപടിയെടുക്കാതെ അധികൃതര്‍

Wednesday 24 August 2016 3:31 pm IST

കൊട്ടാരക്കര: കടിച്ചും കുരച്ചും ആള്‍ക്കാരെ കൊന്നും തെരുവു നായ്ക്കള്‍ നിരത്തുകള്‍ കീഴടക്കി കഴിഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല. കൊട്ടാരക്കരയില്‍ ഒരാള്‍ നായുടെ കടിയേറ്റ് പേയിളകി മരിക്കുകയും ചെയ്തതോടെ ജനം ഭീതിയിലാണ്. ജനത്തിന്റെ ഭീതിയകറ്റാന്‍ രംഗത്തിറേങ്ങേണ്ടവര്‍ ഉറക്കത്തിലാണ്. നഗരസഭ പരിധിയില്‍പെട്ട ഹതഭാഗ്യനാണ് കഴിഞ്ഞ ദിവസം മരിച്ചതെങ്കിലും നഗരസഭക്ക് ഇതൊന്നും അറിഞ്ഞമട്ടില്ല. നാലാള്‍ കൂടുന്നിടത്തും നായ്ക്കളുടെ ആക്രണണത്തിന്റെ കഥ മാത്രമെ പറയാനുള്ളൂ. ജനം ഭീതിയില്‍ കഴിയുമ്പോഴും അറിയേണ്ടവര്‍ കടിയുടെ വേദനയും പിന്നീടുള്ള ബുദ്ധിമുട്ടുകളും അറിയാത്തതുകൊണ്ടാണ് ഒന്നുമറിഞ്ഞില്ലന്ന മട്ടില്‍ അധികാരകസേരയില്‍ അമര്‍ന്നിരിക്കുന്നതെന്നാണ് രോഷാകുലരായ സാധാരണക്കാര്‍ പറയുന്നത്. നായകളുള്ള കാലം കടിയും കുരയും ഉണ്ടാകും അതിന് മാറ്റവുമുണ്ടാകില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ തെരുവുനായകളുടെ എണ്ണം പരിമിതമായിരുന്നു. ഇന്ന് ഇവയുടെ എണ്ണം ക്രമാതീതമായി കൂടി. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെയാണ് നായകളുടെ പരാക്രമം. നായ ശല്യത്താല്‍ പൊറുതിമുട്ടിയ ജനം ഇനി എന്തു ചെയ്യണമെന്നറിയാത്ത ദയനീയാവസ്ഥയിലാണ്. ദിനംപ്രതി കുട്ടികള്‍ക്ക് നേരെയുളള തെരുവുനായ്ക്കളുടെ ആക്രമണ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇതോടെ കുട്ടികളെ തനിയെ സ്‌കൂളിലയക്കുവാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുള്ളള ആക്രമണത്തിനും കുറവില്ല. കൊട്ടാരക്കര, മൈലം, കോട്ടാത്തല, അമ്പലപ്പുറം എന്നിവിടങ്ങളില്‍ ആടുകളെയും കോഴികളേയും, പശക്കുളേയും തെരുവുനായ്ക്കള്‍ കടിച്ചുകീറിയിരുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായക്കളുടെ വിഹാരകേന്ദ്രമായി മാറികഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.