സ്വാശ്രയ പ്രവേശനം: കടമ നിറവേറ്റണം

Thursday 25 August 2016 10:35 am IST

സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനതലത്തിലെ സീറ്റ് അലോട്ട്‌മെന്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടിവരും. മെറിറ്റ് സീറ്റിന് പുറമെ എന്‍ആര്‍ഐ സീറ്റുകളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ധനനഷ്ടം പരിഹരിക്കാന്‍ സ്വാശ്രയ കോളേജുകള്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. അപേക്ഷാ ഫീസ് ഇനത്തില്‍ തന്നെ വമ്പിച്ച തുക മാനേജ്‌മെന്റുകള്‍ കൈക്കലാക്കിയിരുന്നു. 85 ശതമാനം ബിഡിഎസ് സീറ്റില്‍ നാലുലക്ഷം രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനമാണ് പിന്‍വലിക്കപ്പെടുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് ഏകീകരിക്കില്ലെന്നും മുന്‍സ്ഥിതി തുടരുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളജുകളിലെ കഴുത്തറപ്പന്‍ തലവരിപ്പണ നിയന്ത്രണത്തിനാണ് സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ ഏകീകൃത പ്രവേശന പരീക്ഷയ്ക്കും അതനുസരിച്ച് മെറിറ്റ് സീറ്റില്‍ പ്രവേശനത്തിനും വഴിയൊരുക്കിയത്. മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിലെ റാങ്ക് അടിസ്ഥാനമാക്കി കേന്ദ്രീകൃത അലോട്ട്‌മെന്റ് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി എന്‍ആര്‍ഐ ക്വാട്ടയിലേക്ക് സ്വയംപ്രവേശനം എന്നതാണ് മാനേജ്‌മെന്റ് നിലപാട്. സംസ്ഥാനത്ത് 21 സ്വാശ്രയ കോളജാണുള്ളത്. ഓരോ കോളജിനും അപേക്ഷ നല്‍കുക വഴി മാത്രം 22,000 രൂപയാണ് കുട്ടികള്‍ക്ക് ചെലവാകുന്നത്. അപേക്ഷാ ഫീസായി മാത്രം 2000 രൂപ ഓരോ കുട്ടിയും അടയ്ക്കണം. കല്‍പ്പിത സര്‍വകലാശാലയും 600 രൂപ അപേക്ഷാഫീസ് ഈടാക്കുന്നു. അപേക്ഷാഫീസിന് ഏകീകൃത സ്വഭാവമില്ല. നീറ്റിനെ അടിസ്ഥാനമാക്കി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയാല്‍ മാനേജ്‌മെന്റിന് കനത്ത നഷ്ടം നേരിടേണ്ടിവരും. സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം നീതികേടാണെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. മെഡിക്കല്‍ വിദ്യാഭ്യാസരംഗം അപചയം നേരിടുന്ന ഘട്ടമാണിത്. പണ്ട് സര്‍ക്കാര്‍ മേഖലയില്‍ മാത്രമാണ് മെഡിക്കല്‍ പഠനം ഉണ്ടായിരുന്നത്. സ്വാശ്രയ മേഖല വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനാവസരം ഉണ്ടായിയെന്ന് സമ്മതിക്കുമ്പോഴും ഇത് ഒരു വമ്പിച്ച ധനസ്രോതസ്സായി മാനേജ്‌മെന്റുകള്‍ മാറ്റുകയായിരുന്നു. മെറിറ്റ് സീറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഫീസിനെക്കാള്‍ ഉയര്‍ന്ന ഫീസ് ഈ വര്‍ഷം നല്‍കേണ്ടിവരും എന്ന വാദത്തിലാണ് സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പ്രവേശന പട്ടികയുടെ റാങ്ക് ലിസ്റ്റില്‍നിന്നും മെറിറ്റും സംവരണവും പാലിച്ച് 50 ശതമാനം സീറ്റില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രവേശനം നടത്തുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 35 ശതമാനം മാനേജ്‌മെന്റ് സീറ്റിലും നീറ്റ് പട്ടികയില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ മാനേജ്‌മെന്റുകളെ അറിയിക്കും. സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്ത് സ്വാശ്രയ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പ്രവേശന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ബോധിപ്പിച്ച് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത 2016-17 ലെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരപ്പട്ടിക ജയിംസ് കമ്മറ്റിക്ക് നല്‍കി അംഗീകാരം നേടിയിരുന്നുവെന്നാണ്. വൈകിയവേളയില്‍ സര്‍ക്കാരിന്റെ ചുവടുമാറ്റം ശരിയല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജി. പക്ഷെ സര്‍ക്കാര്‍ ഉത്തരവുകൊണ്ട് സ്വാശ്രയ മാനേജുമെന്റുകള്‍ക്കുണ്ടാകുന്ന ധനനഷ്ടം അവരെ പരിഭ്രാന്തിയിലാക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇത് ഗുണകരമാണ്. കേന്ദ്രീകൃത അലോട്ട്‌മെന്റ് അതത് കോളജുകള്‍ നിശ്ചയിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഒഴിവാക്കാന്‍ സാധിക്കും. ഹാജരായി പ്രവേശനം നേടിയില്ലെങ്കില്‍ അടുത്ത അലോട്ട്‌മെന്റില്‍ താഴെയുള്ള റാങ്കുകാര്‍ക്ക് അവസരം ലഭ്യമാകും. സര്‍ക്കാര്‍ ഉത്തരവ് എങ്ങനെയെങ്കിലും അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ കഠിനപ്രയത്‌നം നടത്തുന്നത് അവര്‍ക്ക് അതിന്റെ ഫലമായി ലക്ഷങ്ങളുടെ ലാഭം ഉണ്ടാകുമെന്നതിനാലാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പായാല്‍ അതു നഷ്ടമാകും. ഇതിന്റെ മറ്റൊരു വശം ഈ വിവാദം ഉളവാക്കുന്ന അനിശ്ചിതാവസ്ഥയാണ്. ഇത് കുട്ടികളെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുകയും സംസ്ഥാനത്ത് മെഡിക്കല്‍ പഠന സൗകര്യം അലങ്കോലപ്പെടുകയും ചെയ്‌തേക്കാം. പ്രവേശന പരീക്ഷ പാസ്സായവര്‍ക്ക് മെഡിക്കല്‍ പഠനം സാധ്യമാക്കുക എന്നത് സര്‍ക്കാരിന്റെയും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെയും ബാധ്യതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.