ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

Wednesday 24 August 2016 9:18 pm IST

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് മോദി നഗറില്‍ 15 വയസ്സുള്ള ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് സീഷനെ ആറുപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ച് കൊന്ന് മൃതദേഹം വീടിനുമുന്നിലേക്ക് വലിച്ചെറിഞ്ഞത്. മര്‍ദ്ദിച്ചവര്‍ അയല്‍വാസികളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെ സീഷന്റെ വീട്ടിലെത്തിയ ആറംഗ സംഘം മറ്റുള്ളവരെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം സീഷനുമായി കടന്നുകളഞ്ഞു. പിന്നീട് മൂന്നുമണിവരെ കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അമ്മ ഗുല്‍ഷന്‍ പറഞ്ഞു. ഭോജ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ സലീം, നദീം, വസീം, ഇര്‍ഫാന്‍, നൗഷാദ് മുസ്താഖിം എന്നിങ്ങനെ ആറുപേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സലീം നദീം വസീം എന്നിവര്‍ സഹോദരന്മാരാണ്. അതിനിടെ കുറ്റവാളികള്‍ സീഷന്റെ അച്ഛന്‍ ഷൗകീനേയും പലതവണ ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് ഗാസിയാബാദ് പോലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്നവര്‍ അറസ്റ്റിലായെങ്കില്‍ മാത്രമേ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീഷന് ഗ്രാമത്തിലെ തന്നെയുള്ള പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ നിരാകരിച്ചു. ഇത് മൂന്നാം തവണയാണ് ആറംഗസംഘം കുട്ടിയെ മര്‍ദ്ദിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗുല്‍ഷന്‍- ഷൗകീന്‍ ദമ്പതികളുടെ പത്തുമക്കളില്‍ മൂന്നാമത്തേയാളാണ് സീഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.