ഉയര്‍ന്നും താഴ്ന്നും വിപണി വില; റബ്ബര്‍ കര്‍ഷകര്‍ ആശങ്കയില്‍

Wednesday 24 August 2016 10:55 pm IST

കോട്ടയം: റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചില്‍ കര്‍ഷകരെ ആശങ്കയിലാക്കി. ഏറെ പ്രതിസന്ധിയിലായത് ഫെബ്രുവരിയിലായിരുന്നു. അന്ന് ആര്‍എസ്എസ് അഞ്ചിന്റെ വില 87 രൂപയായി താഴ്ന്നു. പിന്നീട് വില 144 രൂപയില്‍ എത്തി. കഴിഞ്ഞദിവസം ആര്‍എസ്എസ് നാലിന് 133 രൂപയായി താഴ്ന്നു. വില വീണ്ടും താഴുന്നതാണ് ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിളിച്ച യോഗത്തില്‍ കര്‍ഷക പ്രതിനിധികളില്‍ പലരും പങ്കെടുക്കാതിരുന്നതും കര്‍ഷകരെ നിരാശരാക്കി. കുറഞ്ഞ വിലയ്ക്ക് റബ്ബര്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പങ്കെടുത്ത വാണിജ്യ സ്ഥാപന പ്രതിനിധികള്‍ അവരുടെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ഉത്പാദനച്ചെലവ് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേന്ദ്രം ആശ്വാസനടപടികള്‍ പ്രഖ്യാപിക്കും. ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കണമെന്നാണ് പലരും നിര്‍ദ്ദേശിക്കുന്നത്.എന്നാല്‍ ഇനി അതിന് കഴിയില്ല. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ഗാട്ടുകരാറാണ് കാരണം. ഇതില്‍ റബ്ബര്‍ വാണിജ്യ ഉത്പന്നമാണ്, പരമാവധി ചുമത്താവുന്ന ചുങ്കം 25 ശതമാനം. ഇപ്പോള്‍ ഇത്രയും ചുങ്കമുണ്ട്. തുറമുഖനിയന്ത്രണം, കേന്ദ്രത്തിന്റെ നേരിട്ടുള്ള സംഭരണം, സുരക്ഷാച്ചുങ്കം എന്നിവയാണ് ഇനിയുള്ള മാര്‍ഗ്ഗങ്ങള്‍. കൊല്‍ക്കത്ത, വിശാഖപട്ടണം തുറമുഖങ്ങളിലേ ഇറക്കുമതി അനുവദിച്ചിരുന്നുള്ളൂ. യുപിഎ സര്‍ക്കാരാണ് നിയന്ത്രണം നീക്കിയത്.ഇതോടെ വ്യവസായികള്‍ക്ക് കൈകാര്യച്ചെലവ് കുറഞ്ഞു. തദ്ദേശ റബ്ബറിന് ആവശ്യക്കാര്‍ ഇല്ലാതെയായി. തുറമുഖനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സംഭരണവും വിലസ്ഥിരതാ പദ്ധതിയും പരാജയമായിരുന്നു. അതിസങ്കീര്‍ണതയാണ് കാരണം. ഇറക്കുറബ്ബറിന് സുരക്ഷാച്ചുങ്കം (സേഫ് ഗാര്‍ഡ് ഡ്യൂട്ടി) ഏര്‍പ്പെടുത്തുകയാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രമന്ത്രി വിളിച്ചയോഗത്തില്‍പോലും ജനപ്രതിനിധികള്‍ ഇത് ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.